അമ്പലപ്പുഴ : ദേശീയ സൈക്കിൾ പോളോ മത്സരത്തിന് നാഗ്പൂരിലെത്തി മരണത്തിനു കീഴടങ്ങിയ പത്തു വയസുകാരി നിദ ഫാത്തിമയ്ക്ക്
ആയിരങ്ങൾ കണ്ണീർപ്പൂക്കളർപ്പിച്ച് അന്ത്യയാത്രാമൊഴിയേകി. കരച്ചിലടക്കാനാവാതെ ഒരു നാടാകെ വിങ്ങിനിൽക്കവേ, കുഞ്ഞു നിദയുടെ ചേതനയറ്റ ശരീരം കാക്കാഴം ജുമാ മസ്ജിദിൽ കബറടക്കി. മയ്യത്ത് നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും അബ്ദുൽറഹുമാൻ അൽ ഖാസിമി നേതൃത്വം നൽകി.
നിദയുടെ ഭൗതിക ദേഹം ഇന്നലെ നീർക്കുന്നം എസ്.ഡി.വി സ്കൂളിൽ പൊതു ദർശനത്തിന് എത്തിച്ചപ്പോൾ പൊട്ടിക്കരച്ചിലുകൾ മുഴങ്ങി. നിദയെ അവസാനമായി ഒരു നോക്കു കാണാൻ അതിരാവിലെ മുതൽ സ്കൂൾ പരിസരത്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. 9.40 ഓടെയാണ് നെടുമ്പാശേരിയിൽ നിന്ന് ആംബുലൻസിൽ സ്കൂളിൽ കൊണ്ടുവന്നത്. സഹപാഠികളും അദ്ധ്യാപകരും അന്ത്യോപചാരം അർപ്പിക്കുമ്പോൾ വിങ്ങിപ്പൊട്ടി.
പൊതുദർശനത്തിന് ശേഷം മൃതദേഹം ആംബുലൻസിൽ നിദയുടെ വീടായ കാക്കാഴം ഏഴര പീടിക സുഹ്റ മൻസിലിൽ എത്തിച്ചു. അവിടെയും ജനക്കൂട്ടം കാത്തു നിന്നു. മൃതദേഹം വീടിനകത്ത് കൊണ്ടു ചെന്നാണ് തളർന്നു കിടന്ന ഉമ്മ അൻസില, ഉപ്പൂപ്പ അബൂബക്കർ, ഉമ്മൂമ്മ സുഹ്റ ബീവി, പിതൃസഹോദരി ഷാനി, സഹോദരൻ മുഹമ്മദ് നബീൽ എന്നിവരെ കാണിച്ചത്. അവരുടെ കൂട്ടക്കരച്ചിൽ കേട്ട് പുറത്തു നിന്നവരും വിതുമ്പി. പിതാവ് ഷിഹാബുദ്ദീൻ നാഗ്പൂരിൽ നിന്ന് മൃതദേഹത്തോടൊപ്പമാണ് എത്തിയത്. നിദയ്ക്ക് സുഖമില്ലെന്നറിഞ്ഞ് അദ്ദേഹം നാഗ്പൂരിൽ എത്തിയിരുന്നു.അവിടെ വിമാനത്താവളത്തിലെ ടി.വിയിലാണ് മകളുടെ മരണവാർത്ത അറിഞ്ഞത്.
ഇന്നലെ രാവിലെ 6.30ഓടെ മൃതദേഹം നെടുമ്പാശേരിയിൽ കൊണ്ടുവന്നു. എച്ച്.സലാം എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ജില്ലാ പ്രസിഡന്റ് പി.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ്കുമാർ, സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികളായ കെ.എച്ച്. സനൂപ്, കരമന ഹരി, സക്കീർ ഹുസൈൻ, എ.ആർ.രൻജിത്ത് തുടങ്ങിയവർ വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു.
മന്ത്രി പി.പ്രസാദ്, കളക്ടർ വി.ആർ.കൃഷ്ണതേജ, എ.ഡി.എം സന്തോഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ജനപ്രതിനിധികൾ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം, അമ്പലപ്പുഴ താലൂക്ക് ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം തുടങ്ങിയവരും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
എ.എം. ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എന്നിവർ വീട്ടിലെത്തി ആന്ത്യാഞ്ജലി അർപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എ.എ. ഷുക്കൂർ, എ.എം.നസീർ, അഡ്വ.എ. നിസാമുദ്ദീൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |