SignIn
Kerala Kaumudi Online
Friday, 29 March 2024 4.31 AM IST

വിലക്കയറ്റം പിന്നെ വികസനവും

കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനയോട് ജനം എപ്പോഴും വൈകാരികമായാണ് പ്രതികരിക്കുക. കാരണം, യാത്രാച്ചെലവേറുമെന്നത് കൂടാതെ ഉപ്പുതൊട്ട് കർപ്പൂരം വരെ സകല നിത്യോപയോഗ വസ്‌തുക്കൾക്കും വിലകയറാനും ജീവിതച്ചെലവ് കുതിച്ചുയരാനും ഇടയാക്കുമെന്നതാണ്.

അതേസമയം, കേരളത്തിന് വളർച്ചാസാദ്ധ്യതകളുള്ള മേഖലകൾക്കും പദ്ധതികൾക്കും മുൻതൂക്കം നൽകിയും വൈദഗ്ദ്ധ്യമുള്ള മേഖലകളെ തിരിച്ചറിഞ്ഞുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ മിക്കവിഭാഗങ്ങൾക്കും പരിഗണന നൽകാൻ ശ്രമിച്ചു. പിന്നാക്കവിഭാഗം,​ തൊഴിലാളിസമൂഹം,​ ചെറുകിട സംരംഭകർ,​ കർഷകർ എന്നിവരുടെ ക്ഷേമത്തിനും ഊന്നലുണ്ട്.

എങ്കിലും, സാമൂഹ്യക്ഷേമപെൻഷൻ കൂട്ടാതിരിക്കുകയും സർക്കാരിന് കൈവയ്ക്കാവുന്ന മേഖലകളിലെല്ലാം പരക്കെ ഇരുട്ടടി നൽകി നികുതിയും വിവിധ ഫീസുകളും കുത്തനേ കൂട്ടുകയും ചെയ്‌ത ധനമന്ത്രിയുടെ നീക്കം ജനത്തിന് പ്രഹരമായി.

വിലക്കയറ്റത്തിൽ കുതിച്ച് കേരളം

2022ലുടനീളം ദേശീയതലത്തിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നിയന്ത്രണപരിധിയായ 6 ശതമാനത്തിന് മേലെയായിരുന്നു. 2022ന്റെ ആദ്യമാസങ്ങളിൽ 3-4 ശതമാനത്തിനടുത്ത് നാണയപ്പെരുപ്പം നിയന്ത്രിച്ച കേരളം, വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാമതും എത്തി.

പിന്നീട് ദേശീയതല നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും കേരളത്തിൽ കൂടി. കഴിഞ്ഞ ഡിസംബറിൽ 5.66 ശതമാനമാണ് ദേശീയതലത്തിലെങ്കിൽ കേരളത്തിൽ 5.92 ശതമാനമായി. പെട്രോൾ,​ ഡീസൽ സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് വിലക്കയറ്റത്തോത് ഇനിയും ഉയരും.

 നിലവിൽ പെട്രോളിന് തിരുവനന്തപുരത്ത് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.

റിയൽ എസ്‌റ്റേറ്റിന് ക്ഷീണം

നവകേരള നഗരനയം,​ ലൈഫ് മിഷൻ എന്നിവ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമേകുന്ന നീക്കങ്ങളാണ്. എന്നാൽ, ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതോടെ (ചിലയിടങ്ങളിൽ 30 ശതമാനം വരെ പിന്നീട് ഉയർത്തിയേക്കും)​ ഇടപാടുകൾ കുറയാൻ വഴിയൊരുങ്ങും.

മുദ്രവില 5ൽ നിന്ന് 7 ശതമാനമാക്കിയതും തിരിച്ചടിയാണ്. കൊവിഡ്,​ സാമ്പത്തികഞെരുക്കം തുടങ്ങിയ പ്രതിസന്ധികളിൽ നിന്ന് മെല്ലെകരകയറുന്നതിനിടെയാണ് ഈ തിരിച്ചടി.

വാഹനവില്പനയ്ക്ക് തിരിച്ചടി

പുതിയവാഹനം സ്വപ്‌നം കാണുന്നവർക്ക് ബഡ്‌ജറ്റ് ഇരുട്ടടിയാണ്. രണ്ടുലക്ഷം രൂപവരെ വിലയുള്ള ബൈക്കുകൾക്കാണ് ഒറ്റത്തവണ നികുതി 2 ശതമാനം കൂട്ടിയത്. ഇത് ഇടത്തരക്കാരെയാണ് ബാധിക്കുക.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സമയത്തെ ഒറ്റത്തവണ സെസും ഇരട്ടിയാക്കി.

 പുതിയവാഹനങ്ങൾക്ക് നികുതി 1-2 ശതമാനം കൂട്ടിയതും തിരിച്ചടിയാണ്.

 പെട്രോൾ,​ ഡീസൽ വിലവർദ്ധനയും വാഹന വില്പനയെ തളർത്തും.

 രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2022ൽ 6.6 ലക്ഷം പെട്രോൾ വാഹനങ്ങളും 55,​000 ഡീസൽ വാഹനങ്ങളും കേരളീയർ വാങ്ങി.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് നേട്ടം

ഭാവിസാദ്ധ്യതകളുള്ളതും പരിസ്ഥിതിസൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ശ്രദ്ധേയം. പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി 6-20 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് ഇ-വാഹനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കും. ചാർജിംഗ് സ്‌റ്റേഷൻ,​ ബാറ്ററി,​ ചിപ്പ് നിർമ്മാണം തുടങ്ങിയവയ്ക്കും ഇ.വി ഇൻഡസ്‌ട്രിയൽ പാർക്കിനും ബഡ്‌ജറ്റിൽ ഇടമുണ്ട്.

 2022ൽ 254 ശതമാനമാണ് കേരളത്തിലെ ഇലക്‌ട്രിക് വാഹന വില്പനവളർച്ച.

 പുതുതായി നിരത്തിലെത്തിയത് 39,​525 ഇ-വാഹനങ്ങൾ

ടൂറിസത്തിന് നേട്ടം

രാജ്യാന്തരതലത്തിൽ ടൂറിസം പ്രോത്സാഹനത്തിന് ഫണ്ട് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് പരിഗണന ലഭിച്ചു. 81 കോടി കിട്ടി. ടൂറിസത്തിന് ആകെ അടങ്കൽ 362.15 കോടി രൂപ. ടൂറിസം പദ്ധതികൾക്കും കാരവൻ ടൂറിസത്തിനും വൈദ്യുതി സബ്സിഡിയുണ്ട്. 135.65 കോടി രൂപയാണ് ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനുള്ളത്. ഉത്തരവാദിത്വ ടൂറിസം,​ ഹെറിറ്റേജ് പദ്ധതികൾ എന്നിവയ്ക്കും പരിഗണന കിട്ടി. ആരോഗ്യടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതി.

 ടൂറിസം ഇടനാഴികൾക്ക് 50 കോടി രൂപയുണ്ട്.

 പി.പി.പി മോഡലിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതും നേട്ടമാണ്.

 വർക്ക് ഫ്രം 'ഹോളിഡേ ഹോം" പദ്ധതി ഈ രംഗത്തേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കും.

 കോവളം,​ ആലപ്പുഴ,​ കുട്ടനാട് തുടങ്ങി ശ്രദ്ധേയ ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര എക്‌സ്പീരിയൻഷ്യൽ കേന്ദ്രങ്ങളാക്കുന്നതും കുതിപ്പേകും.

വ്യവസായക്കുതിപ്പിന്

മേക്ക് ഇൻ കേരള

1,​000 കോടി രൂപയുടെ മേക്ക് ഇൻ കേരള പദ്ധതി, പുതുസംരംഭകരെ ഉയർത്തിക്കൊണ്ടു വരാനുള്ള മിഷൻ 1000 പദ്ധതി. ഗ്രാമീണവ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും നടപടി.

ഇതോടൊപ്പം കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കാനുള്ള എസ്.പി.വി രൂപീകരണം,​ വ്യവസായ എസ്‌റ്റേറ്റ് ഫണ്ട്,​ സ്വയംതൊഴിൽ,​ സ്വകാര്യവ്യവസായ പാർക്ക് പ്രോത്സാഹിപ്പിക്കാൻ ഫണ്ട്,​ പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയവയും കുതിപ്പാകും.

 എം.എസ്.എം.ഇകളുടെ പുനരുജ്ജീവനത്തിനും ഉയർത്തലിനും മികച്ച പരിഗണന ബഡ്‌ജറ്റിലുണ്ട്.

കൃഷിയിൽ തിളങ്ങാൻ

കാർഷികരംഗത്ത് സാദ്ധ്യതകൾ പ്രയോജനപ്പെടുത്താവുന്ന പ്രഖ്യാപനങ്ങൾ. വിളപരിപാലനത്തിന് മാത്രം 732 കോടി രൂപ. നെൽക്കൃഷി,​ ജൈവകൃഷി,​ പച്ചക്കറിക്കൃഷി,​ പഴവർഗ്ഗങ്ങൾ,​ സുഗന്ധവ്യഞ്ജനം എന്നിവയുടെ പ്രോത്സാഹനത്തിന് പണം വകയിരുത്തി. കയറ്റുമതി ഉഷാറാക്കാൻ വി.എഫ്.പി.സി.കെയ്ക്കും പണമുറപ്പാക്കി. മത്സ്യബന്ധനം,​ ക്ഷീരമേഖല എന്നിവയ്ക്കും പരിഗണന.

 പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം കാർഷികോത്പന്ന വിപണനം,​ സംഭരണം,​ വെയർഹൗസിംഗ് എന്നിവയ്ക്ക് 74.5 കോടി രൂപ നീക്കിവച്ചതാണ്.

 കേരളത്തിന്റെ കരുത്തായ സമുദ്രോത്പന്നങ്ങളുടെ വികസനത്തിനും പരിഗണന കിട്ടി.

 റബർ സബ്സിഡി,​ റബർപാർക്ക്, തോട്ടംമേഖല എന്നിവയെയും തലോടിയിട്ടുണ്ട്. എന്നാൽ, റബർ സബ്സിഡി പദ്ധതി ഇനിയും കർഷകർക്ക് പ്രയോജനം നൽകിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

സ്‌റ്റാർട്ടപ്പ് മുന്നേറ്റം

രാജ്യത്ത് സ്‌റ്റാർട്ടപ്പുകൾക്ക് ഏറ്റവുമധികം പിന്തുണനൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംരംഭങ്ങൾക്ക് മൂലധന പിന്തുണ ഉറപ്പാക്കാൻ ബഡ്‌ജറ്റിൽ നടപടിയുണ്ട്. സ്‌റ്റാർട്ടപ്പ് മിഷനായി 120.52 കോടി രൂപ വകയിരുത്തി.

ഐ.ടിക്കും നേട്ടം

ഇൻഫോപാർക്ക്,​ ടെക്‌നോപാർക്ക്,​ സൈബർപാർക്ക് എന്നിവയുടെ വികസനത്തിനൊപ്പം കണ്ണൂരും ഐ.ടി പാർക്ക് വരികയാണ്.

വർക്ക് നിയർ ഹോം: കഴിഞ്ഞ ബഡ്‌ജറ്റിൽ അവതരിപ്പിച്ച ഈ ആശയം പ്രഖ്യാപനത്തിലൊതുങ്ങിയിരുന്നു. വൻകിട കമ്പനികൾക്കായി ഓൺലൈനിൽ ജോലി ചെയ്യാവുന്ന പദ്ധതിയാണിത്. തൊഴിൽനൈപുണ്യമുള്ള വീട്ടമ്മമാർക്കും മറ്റും ഏറെ ഉപകാരപ്പെടുന്ന പദ്ധതിക്ക് ഇക്കുറിയും ബഡ്‌ജറ്റിൽ പണമുണ്ട്.

അടിസ്ഥാനസൗകര്യത്തിൽ അതിവേഗം

അടിസ്ഥാനസൗകര്യ വികസനം കേരളത്തിന് എക്കാലത്തും വെല്ലുവിളിയാണ്. എന്നാൽ റോഡ്,​ വ്യവസായിക ഇടനാഴി,​ ജലഗതാഗതം,​ കോസ്‌റ്റൽ ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലെല്ലാം വികസനത്തിന് വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ കാണാം. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മുഖച്ഛായ മാറ്റുമെന്നതിൽ തർക്കമില്ല. ഇതോടനുബന്ധിച്ച് വ്യവസായിക ഇടനാഴി വരുന്നത് വികസനക്കുതിപ്പിന്റെ ആക്കം കൂട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.