തിരുവനന്തപുരം: ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ റെയിൽവേ വികസനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളിൽ കേരളം പ്രതീക്ഷ വച്ചിരിക്കുകയാണ്. സിൽവർലൈൻ,മുടങ്ങിയ ശബരിപാത,മൂന്നാം പാത, ചെന്നൈയിലേക്കും ബംഗളൂരിലേക്കും വന്ദേഭാരത് ട്രെയിനുകൾ, ട്രെയിനുകളുടെ വേഗം കൂട്ടൽ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയടക്കം പലപദ്ധതികൾക്കും പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരം വികസനപദ്ധതികളുടെ ചിത്രത്തിൽ കേരളമില്ല. റെയിൽവേയ്ക്ക് പൊതുബഡ്ജറ്റിൽ തുക നീക്കിവയ്ക്കുകയും സോണൽ അടിസ്ഥാനത്തിൽ വിഭജിക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഇത്തവണ ബഡ്ജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രാലയം റെയിൽവേയ്ക്ക് 79,398 കോടിയുടെ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ,റെയിൽവേ ആധുനികവത്കരണത്തിനുള്ള പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നും അതിലൊരുവിഹിതം റെയിൽവേ വികസനപദ്ധതികളായി സംസ്ഥാനത്തിന് ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
അങ്കമാലി-എരുമേലി ശബരി പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ത്രികക്ഷി കരാറിൽ ഒപ്പിടാതെ പിൻമാറിയതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണ്. ബഡ്ജറ്റിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട്കണ്ട് നിവേദനം നൽകിയിരുന്നു. സിൽവർലൈൻ പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം-മംഗലാപുരം പാതയിലൂടെയാണ് കേരളത്തിലെ 90ശതമാനം ട്രെയിനുകളും സർവീസ് നടത്തുന്നത്. 627വളവുകൾ ഉള്ളതിനാൽ ശരാശരി വേഗത മണിക്കൂറിൽ 45കിലോമീറ്ററാണ്. വന്ദേഭാരത് ട്രെയിനുകൾക്ക് ഈ പാതയിലെ ശരാശരിവേഗം മണിക്കൂറിൽ 73കിലോമീറ്ററാണ്. ഈ പാതയിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. എല്ലായ്‌പ്പോഴും നിറയെ യാത്രക്കാരാണ്. ഇത് കണക്കിലെടുത്ത് സിൽവർലൈൻ പദ്ധതി പരിഗണിക്കണമെന്നാണ് അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |