തിരുവനന്തപുരം: നാൽപത് ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുന്നതിനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, ഏജന്റ് കമ്മിഷനും കുറച്ചു. ആകെ സമ്മാനങ്ങളിൽ 6500 എണ്ണമാണ് കുറച്ചത്. ഇതോടെ ആകെ ഒരു കോടിയിലധികം തുക സമ്മാനത്തുകയിലും കുറച്ചു. ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയെങ്കിലും ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. നേരത്തെ 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 40 ശതമാനമായാണ് ഉയർത്തുന്നത്.
തിങ്കളാഴ്ച മുതലാണ് ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നത്. ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുമ്പോൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇത് ലോട്ടറി വ്യവസായത്തെ കാര്യമായി ബാധിച്ചേക്കും. ഇതേത്തുടർന്നാണ് ടിക്കറ്റ് നിരക്ക് കൂട്ടാതെ സമ്മാനങ്ങളുടെ എണ്ണവും കമ്മിഷനും കുറച്ചത്. ഇത് ലോട്ടറി കച്ചവടത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.
ഇനി മുതൽ 50 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റിന്റെ ആദ്യ സമ്മാനങ്ങളിൽ മാറ്റമുണ്ടാകില്ല. എന്നാൽ 5000 രൂപയുടെയും 1000 രൂപയുടേയും സമ്മാനങ്ങളുടെ എണ്ണം കുറയും. വെള്ളിയാഴ്ച നറുക്കെടുക്കുന്ന സുവർണ കേരളം ടിക്കറ്റിൽ 21,600 പേർക്കാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്. 1000 രൂപയുടെ സമ്മാനം 32,400 പേർക്ക് ലഭിക്കുമായിരുന്നു. ഇനി മുതൽ 20520 പേർക്ക് മാത്രമാണ് 5000 രൂപയുടെ സമ്മാനം ലഭിക്കുക. 1000 രൂപയുടെ സമ്മാനം 27000 ആയും കുറച്ചു. ഇതോടെ സുവർണ കേരളം ടിക്കറ്റിൽ 6480 ഭാഗ്യശാലികളുടെ കുറവുണ്ടാകും.
ഈ മാറ്റത്തെത്തുടർന്ന് സമ്മാനത്തുകയിൽ ഒരു കോടി എട്ട് ലക്ഷം രൂപ കുറയും. ടിക്കറ്റ് വിൽപന നടത്തിയാലും വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാലും ഏജന്റിന് കമ്മിഷൻ ലഭിക്കും. ആ കമ്മിഷനിലും കുറവുണ്ടാകും. 12 ശതമാനം കമ്മിഷൻ നേരത്തെ ലഭിച്ചെങ്കിൽ ഇനി മുതൽ ഒമ്പത് ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. ഓണം ബമ്പറിന് പുതുക്കിയ ജിഎസ്ടി നിരക്ക് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |