തിരുവനന്തപുരം: ഉരുക്ക് മുഷ്ടികളും ദൃഢമായ പേശികളും വടിവൊത്ത ശരീരവുമായി കേരള പൊലീസിലെ മല്ലന്മാർ അണിനിരന്ന ബോഡി ഷോ കാണികൾക്ക് കൗതുകമായി.
കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ നടന്ന മിസ്റ്റർ കേരള പൊലീസ് 2022 സൗന്ദര്യ മത്സരം ഡി.ജി.പി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. 55 കിലോ മുതൽ 90 കിലോ വരെയുള്ള വിഭാഗങ്ങളിൽ നടന്ന ആവേശഭരിതമായ മത്സരത്തിൽ കേമനെ കണ്ടെത്താൻ വിധി കർത്താക്കൾ പണിപെട്ടു. മല്ലൻമാർ സ്റ്റേജിൽ കയറുമ്പോൾ തന്നെ തങ്ങൾക്കിഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് കൈയടിച്ചും ആർപ്പുവിളിച്ചും ചെറുപ്പക്കാർ ആവേശം പകർന്നു. 90 കിലോ വിഭാഗത്തിൽ ബാസിത്ത് അൻവർ ചാമ്പ്യനായപ്പോൾ സൂരജ് സുഗുണൻ രണ്ടാം സ്ഥാനം നേടി. 85 കിലോയിൽ ശ്രീജിത്തും ദീപുവും 80 കിലോയിൽ അഖിൽനാഥും ജയപ്രകാശും 75 കിലോയിൽ ധയാലും വിജേഷും 70 കിലോയിൽ ദേവാനന്ദും സുദേവും 65കിലോയിൽ ഷിജുവും റോബിൻ ജോർജ്ജും 60കിലോയിൽ സ്നേഹലാലും സന്ദീപും 55 കിലോയിൽ ഷിബുവും വിജിത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, റൂറൽ എസ്.പി ഡി.ശിൽപ, കമ്മിഷണർ സ്പർജൻ കുമാർ, സൗത്ത് സോൺ ഐ.ജി പി.പ്രകാശ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |