തിരുവനന്തപുരം: കേരള സർവകലാശാലയിലെ 12 ഗസ്റ്റ് അസി. പ്രൊഫസർ തസ്തികകളിലേക്ക് ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക അംഗീകരിക്കാത്തതിനെച്ചൊല്ലി സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങളുടെ ബഹളം. വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പട്ടിക ഗവർണർക്ക് അയച്ചത് ഇടത് അംഗമായ ജി.മുരളീധരൻ യോഗത്തിൽ ചോദ്യം ചെയ്തു. വി.സിക്ക് ഇതിനുള്ള അധികാരമില്ല. നിയമനം നടത്താനുള്ള കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം നടപ്പാക്കാത്തതിന് രജിസ്ട്രാർ മറുപടി പറയണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നേതാവും സിൻഡിക്കേറ്റംഗവുമായ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
എന്നാൽ, ഗവർണർക്കയച്ചത് നിയമപ്രകാരമാണെന്നും ഗവർണർ തീരുമാനമെടുത്താലേ നിയമനം നടത്താനാവൂ എന്നും വി.സി അറിയിച്ചു. ഇതോടെയാണ് ഇടത് അംഗങ്ങൾ ബഹളം തുടങ്ങിയത്. നാലുമണിക്കൂറോളം ബഹളം തുടർന്നു. പട്ടിക അംഗീകരിച്ച സിൻഡിക്കേറ്റ് തീരുമാനം രജിസ്ട്രാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കെ, അതിന് വിരുദ്ധമായി വി.സി സത്യവാങ്മൂലം നൽകിയതും ഇടത് അംഗങ്ങൾ ചോദ്യം ചെയ്തു. ഡോ.എസ്.നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനവും വി.സി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതും ഇടത് അംഗങ്ങൾ ചോദ്യംചെയ്തു.
ഗവർണറുടെ പരിപാടിക്ക്
ചെലവ് നൽകില്ലെന്ന്
ഗവർണർ ഉദ്ഘാടനം ചെയ്ത സംസ്കൃത സെമിനാറിന് ചെലവായ 1.85ലക്ഷം രൂപ അനുവദിക്കാനാവില്ലെന്നും സംസ്കൃതം വകുപ്പിലെ അദ്ധ്യാപകരിൽ നിന്ന് ഈടാക്കണമെന്നും ഇടത് അംഗങ്ങൾ നിലപാടെടുത്തു. ഉദ്ഘാടനച്ചടങ്ങ് ബി.ജെ.പി, ആർ.എസ്.എസ് പരിപാടിയായി മാറ്റിയെന്നും ആരോപിച്ചു. എന്നാൽ, പണം അനുവദിച്ചേ തീരുവെന്ന് വി.സി നിലപാടെടുത്തു. യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയാണെന്ന് വി.സി പറഞ്ഞു. അതോടെ, ഈ അജണ്ട അടുത്ത യോഗത്തിലേക്ക് മാറ്റി.
കേരള സർവ്വകലാശാല: 100കോടി
ചെലവിടാൻ ഇന്ന് പ്രത്യേക യോഗം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം. ഉഷ പദ്ധതിയിൽ നിന്ന് കേരള സർവകലാശാലയ്ക്ക് അനുവദിച്ച 100കോടി രൂപ എങ്ങനെ ചെലവിടണമെന്ന് തീരുമാനിക്കാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ വകുപ്പ് മേധാവികളുടെയും ജീവനക്കാരുടെ പ്രതിനിധികളുടെയും യോഗം വിളിച്ചു. നാലുവർഷ ബിരുദ കോഴ്സുകൂടി തുടങ്ങിയതോടെ 3000 വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യവട്ടത്ത് നിലവിൽ 500ൽ താഴെ പേർക്ക് മാത്രമാണ് താമസസൗകര്യമുള്ളത്. പരമാവധി കുട്ടികൾക്ക് താമസമൊരുക്കാൻ കേന്ദ്രഫണ്ടുപയോഗിച്ച് കൂടുതൽ ഹോസ്റ്റലുകൾ നിർമ്മിക്കും. 75 കോടിയോളം രൂപ ഇതിനായി ചെലവഴിക്കും.
നാലുവർഷ ബിരുദ കോഴ്സുകൾക്കായി പഠനവകുപ്പുകൾക്ക് ക്ലാസ് മുറികൾ നിർമ്മിക്കും. 44 പഠനവകുപ്പുകളാണ് കാര്യവട്ടത്തുള്ളത്. ഇതിൽ ഇരുപതോളം വകുപ്പുകൾക്ക് നാലുവർഷ കോഴ്സിനായി ക്ലാസ് മുറികളും ലൈബ്രറി, ലാബ് സൗകര്യങ്ങളും നിർമ്മിക്കണം. നിലവിൽ പഠനവകുപ്പുകളിലെ ഒഴിഞ്ഞ ക്ലാസ് മുറികളിലാണ് നാലുവർഷബിരുദ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. പദ്ധതിയുടെ 60ശതമാനം തുക കേന്ദ്രം നൽകും. 40ശതമാനം സംസ്ഥാന വിഹിതമാണ്. രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഫണ്ട് പാഴാവും.
സിൻഡിക്കേറ്റ് അംഗീകരിച്ചില്ല
പി.എം. ഉഷ പദ്ധതിയിൽ നിന്ന് 100കോടി അനുവദിച്ചതിന് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചില്ല. ബി.ജെ.പി അംഗം പി.എസ്. ഗോപകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗീകരിക്കാൻ സിൻഡിക്കേറ്റ് കൂട്ടാക്കിയില്ല. ആദ്യമായാണ് കേരള സർവകലാശാലയ്ക്ക് ഇത്രയും വലിയ സഹായം ലഭിക്കുന്നത്. അടുത്തവർഷത്തെ ബഡ്ജറ്റ് അംഗീകരിക്കാനാണ് ഇന്നലെ സിൻഡിക്കേറ്റ് യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |