രാമപുരം: നെഗറ്റീവ് വാർത്തകളോട് താത്പര്യമുള്ളവർ കൂടുന്ന കാലത്ത് പോസിറ്റീവ് വാർത്തകളിലൂടെ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്ന വ്യത്യസ്തതകളുള്ള ദിനപത്രമാണ് കേരളകൗമുദിയെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. കേരളകൗമുദി 113-ാം വാർഷികാഘോഷം രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ തുടങ്ങിയ കേരളകൗമുദി പോസിറ്റീവ് ചിന്തകളിലൂടെ മാത്രമേ വിമർശന വാർത്തകളാണെങ്കിൽക്കൂടി അവതരിപ്പിക്കൂ. നിഷ്പക്ഷതയാണ് മുഖമുദ്ര. പിന്നാക്ക വിഭാഗങ്ങൾക്കും നീതിനിഷേധിക്കപ്പെട്ടവർക്കും വേണ്ടിയുള്ള എല്ലാപോരാട്ടങ്ങളും തുടരുമ്പോഴും അടിസ്ഥാനപരമായ ചില തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നു.
വിമോചനസമര കാലഘട്ടത്തിൽ സമരത്തിനെതിരായിരുന്നു കേരളകൗമുദി. എന്നാൽ, സമരക്കാരുടെ ഏറ്റവും കൂടുതൽ വാർത്തകൾ കൊടുത്ത പത്രം കേരളകൗമുദിയാണ്. ഈ തരത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ഉള്ളപ്പോഴും എല്ലാവരോടും നീതി പുലർത്താൻ കഴിയുന്നതാണ് വിജയം. സാമൂഹ്യ ജീവിതത്തിലെ എല്ലാ ചലനങ്ങളും ഗുരുദേവൻ ഉയർത്തിവിട്ട പോസിറ്റീവിസത്തെക്കൂടി ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കേരളകൗമുദിക്ക് കഴിയുന്നു.
വർത്തമാനപത്രങ്ങളെ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന ധാരണ തെറ്റാണ്. ഇപ്പോൾ കൂടുതൽ ആളുകൾ വായനയിലേക്ക് വരികയാണ്. രീതിക്ക് വ്യത്യാസമുണ്ടെങ്കിലും വായന ഇപ്പോൾ കൂടുതൽ ശക്തമാകുന്നു. തത്വാധിഷ്ഠിത പത്രപ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുന്നുവെന്നതാണ് കേരളകൗമുദിയുടെ മികവെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ.മോൻസ് ജോസഫ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ സംസാരിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, പാലാ ലേഖകൻ സുനിൽ പാലാ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |