തിരുവനന്തപുരം: 2023ന് ശേഷം കെ.എസ്.ആർ.ടി.സിയിൽ വിരമിച്ചത് 2560 പേർ. വരുന്ന മേയോടെ 998 പേർ കൂടി വിരമിക്കും. എന്നാൽ, ഒരു ഒഴിവുപോലും പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യുന്നില്ല. ലക്ഷങ്ങൾ തൊഴിൽ കാത്തിരിക്കെ 3558 പേരുടെ അവസരമാണ് നിഷേധിക്കുന്നത്.
369 ഡ്രൈവർമാരും 271 കണ്ടക്ടർമാരും 21 ഹയർ ഡിവിഷൻ ഓഫീസർമാരും ഇക്കൊല്ലം വിരമിക്കുന്നുണ്ട്. മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരാണ് മറ്റുള്ളവർ.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടെ ഇത്രയും പേരുടെ സ്ഥിരനിയമനം വേണ്ടെന്ന നിലപാടിലാണ് കോർപ്പറേഷനും ഗതാഗത വകുപ്പും. ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ ശമ്പളം, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയുടെ ചെലവും കുറയുമല്ലോ എന്നാണ് കണക്കുകൂട്ടുന്നത്.
ബസുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ കുറയ്ക്കാൻ 2018 മുതൽ അഞ്ചുവർഷം നിയമനനിരോധനമായിരുന്നു. ഈ കാലയളവിലുണ്ടായ ഒഴിവുകളിൽ ജീവനക്കാരെ പുനർവിന്യസിച്ചു. നിരോധനം 2023ൽ കഴിഞ്ഞെങ്കിലും തത്‌സ്ഥിതി തുടരുന്നു.
സമ്മർദ്ദം കൂടുന്നു
താത്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും എടുത്ത് സർവീസ് നടത്തുന്നതാണ് നിലവിൽ കോർപ്പറേഷന്റെ രീതി. അതേസമയം മെക്കാനിക്കൽ, ഓഫീസ് വിഭാഗത്തിൽ ആൾക്കാർ കുറഞ്ഞതോടെ ജോലിഭാരം കൂടിയെന്നാണ് പരാതി. രാവിലെ 10ന് എത്തുന്നവർക്ക് രാത്രി എട്ടായാലും ഓഫീസ് വിട്ടിറങ്ങാനാവാത്ത അവസ്ഥ ചീഫ് ഓഫീസിൽ പോലുമുണ്ട്. വർക്ക്ഷോപ്പുകളുടെ പ്രവർത്തനവും താളം തെറ്റുന്നു. ജോലിസമ്മർദ്ദം കാരണം കോർപ്പറേഷനിൽ അകാലമരണം കൂടുന്നതായും റിപ്പോർട്ടു വന്നിരുന്നു.
അകാലമരണം
2024ൽ: 64
2025: ഇതുവരെ 17
സർവീസ് വെട്ടി
സ്വകാര്യന്മാർക്ക്
മൂന്നു വർഷം മുമ്പു വരെ പ്രതിദിനം 5200 സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. എന്നാൽ ജീവനക്കാർ കുറയുന്നതിനുസരിച്ച് സർവീസുകളുടെ എണ്ണവും കുറച്ചു. ഇപ്പോൾ ശരാശരി 4000 സർവീസാണ് നടത്തുന്നത്. ഗ്രാമീണ റൂട്ടുകളിൽ ഉൾപ്പെടെ ബസ് സർവീസുകൾ വെട്ടിക്കുറച്ചു. വരുമാനമില്ലെന്ന പേരിലാണിത്. നഷ്ടമില്ലാത്ത റൂട്ടുകളിലും സർവീസ് വെട്ടിയെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിപറഞ്ഞിട്ടും ഗതാഗതവകുപ്പ് അനങ്ങിയില്ല. പകരം സ്വകാര്യ ബസുകൾക്ക് പെർമിറ്റ് വാരിക്കോരി നൽകി. 500 റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകാനാണ് കഴിഞ്ഞ ട്രാൻസ്പോർട്ട് അതോറിട്ടി യോഗം തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |