SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രെെവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Increase Font Size Decrease Font Size Print Page
bus

കോഴിക്കോട്: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്‌ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ആ സമയം പിതാവ് ഓട്ടോ ഡ്രെെവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.

കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രെെവർ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സമയം കുട്ടി ബസിനരികിൽ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഡ്രെെവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

കുട്ടി സുരക്ഷിതയാണെങ്കിലും ആ നിമിഷത്തിന്റെ ആഘാതത്തിൽ നിന്നും ബസ് ഡ്രെെവർ ഷനോജ് ഇതുവരെ മുക്തനായിട്ടില്ല. മാനസികമായി തളർന്ന ഷനോജ് പിന്നീട് ഇന്നാണ് വീണ്ടും ബസിൽ ഡ്രെെവറായി എത്തിയത്. റോഡിലേക്ക് കുട്ടികളുമായി ഇറങ്ങുമ്പോൾ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും ഷനോജ് വ്യക്തമാക്കി.

'ദെെവത്തിന്റെ കെെകളാണ് കുട്ടിയെ രക്ഷിച്ചത്. എന്റെ വീട്ടിലുമുണ്ട് ഇതുപോലെ രണ്ട് കുട്ടികൾ. വീഡിയോ അന്ന് തന്നെ കിട്ടിയെങ്കിലും ഇന്നാണ് വാട്സാപ്പ് ഗ്രൂപ്പിലിട്ടത്. മാതാപിതാക്കൾക്ക് ഒരു ജാഗ്രതയാകുമെന്ന് കരുതിയാണ് വീഡിയോ പങ്കുവച്ചത്. അത് ഇത്രയും വലിയ വാർത്തയാകുമെന്ന് കരുതിയില്ല. കുട്ടിയുടെ കുടുംബം ബംഗാളികളാണ്'- ഷനോജ് പറഞ്ഞു.

TAGS: BUS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY