കണ്ണൂർ: വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസ് പ്രവർത്തനം നിലച്ചു. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ അഞ്ചാം ദിവസവും പുനഃസ്ഥാപിക്കാത്തതിനാൽ എ.ഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകുന്നതും എം.വി.ഡിയുടെ വാഹനങ്ങളുടെ ചാർജിംഗുമടക്കം പ്രതിസന്ധിയിലായി.
ബിൽ തുക കുടിശികയായതിനെ തുടർന്ന് ഈ മാസം ഒന്നാം തീയതിയാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഓഫീസിലെ ഫ്യൂസൂരിയതോടെ ഓഫീസ് ഇരുട്ടിലാണ്. ഓഫീസ് പ്രവർത്തനത്തിനൊപ്പം ചാർജ് ചെയ്യാൻ കഴിയാതെ ആർ.ടി.ഒയുടെ ഇലക്ട്രിക് വാഹനങ്ങൾ കട്ടപ്പുറത്തായി.
എ.ഐ ക്യാമറ നിരീക്ഷണം കാര്യക്ഷമമാണെങ്കിലും നിയമ ലംഘകർക്ക് പിഴയടക്കാനുള്ള നോട്ടീസ് തയ്യാറാക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഏപ്രിൽ, മേയ് മാസത്തെ ബിൽ തുകയായ 52,820 രൂപ അടയ്ക്കാത്തതിനെ തുടർന്നാണ് ഓഫീസിലെ ഫ്യൂസൂരിയത്. ഏപ്രിൽ, മേയ് മാസത്തെ ഇലക്ട്രിക് ചാർജാണ് മോട്ടോർ വാഹന വകുപ്പ് ഒടുക്കാനുള്ളത്. ജൂൺ 27 ആയിരുന്നു ബിൽ അടക്കാനുള്ള അവസാന തീയതി. തീയതി കഴിഞ്ഞ് മൂന്നാം ദിവസമാണ് കെ.എസ്.ഇ.ബി മോട്ടോർവാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസൂരിയത്.
ഇടപെടലില്ലാതെ വകുപ്പുകളുടെ പോര്
വയനാട്ടിൽ കെ.എസ്.ഇ.ബിയുടെ ജീപ്പിൽ തോട്ടി കയറ്റിയതിന് പിഴയിട്ടതിന് പിന്നാലെ കെ.എസ്.ഇ.ബി വിവിധ എം.വി.ഡി ഓഫീസുകളുടെ വൈദ്യുതി ബിൽ കുടിശ്ശികയിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. വയനാട്ടിലെയെും കാസർകോട്ടെയും മോട്ടോർ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരിയ സംഭവം വാർത്താപ്രാധാന്യം നേടിയതിന് പിന്നാലെയാണ് മട്ടന്നൂരിലും ബിൽ കുടിശ്ശികയുടെ പേരിൽ എം.വി.ഡി.ഓഫീസിനെതിരെ കെ.എസ്.ഇ.ബിയുടെ നടപടി.
കണ്ണൂർ ജില്ലയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച മുഴുവൻ ക്യാമറകളും നിരീക്ഷിക്കുന്നത് മട്ടന്നൂരിലാണ്. അതെ സമയം ഇതാദ്യമല്ല മട്ടന്നൂരിലെ ഈ ഓഫീസിന്റെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിക്കുന്നതും. കഴിഞ്ഞ നവംബറിലും സമാന സംഭവം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |