കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ്.എഫ്.ഐ.ഒ)ന്റെ അന്വേഷണത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷ (കെ.എസ്.ഐ.ഡി.സി)ന് ആശങ്കയെന്തിനെന്ന് ഹൈക്കോടതി. അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്നും അത് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണെന്നും കോടതി വാക്കാൽ ചോദിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി. നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചത്.
രണ്ട് സ്വകാര്യകമ്പനികൾ തമ്മിലുള്ള പണമിടപാടിന്റെ പേരിൽ നടക്കുന്ന അന്വേഷണം കെ.എസ്.ഐ.ഡി.സിയുടെ വിശ്വാസ്യതയേയും ക്രെഡിറ്റ് റേറ്റിംഗിനേയും ബാധിക്കുന്നതാണെന്ന് സ്ഥാപനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. തങ്ങൾക്കെതിരായ അന്വേഷണത്തിന് വസ്തുതയില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എസ്.എഫ്.ഐ.ഒ. ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുള്ളതാണെന്നും വ്യക്തമാക്കി. എക്‌സാലോജിക്കിന് പണം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് സി.എം.ആർ.എല്ലിന്റെ വിശദീകരണം തേടിയതാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെ.എസ്.ഐ.ഡി.സി. അറിയിച്ചു. അങ്ങനെയെങ്കിൽ വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമയം തേടിയതിനെ തുടർന്ന് ഹർജി ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ എസ്.എഫ്.ഐ.ഒ ഇടപെടൽ തേടി ഷോൺ ജോർജ് നൽകിയ പൊതുതാൽപര്യ ഹർജിയും 26ന് പരിഗണിക്കും. എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചതിനാൽ ഈ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.
കെ.എസ്.ഐ.ഡി.സിക്കെതിരേ തുടരന്വേഷണം ആവശ്യമാണെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന് വേണ്ടി കേന്ദ്രസർക്കാർ അറിയിച്ചു. ലഭ്യമാക്കിയ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അനധികൃത പണമിടപാടുകൾ പൊതുസ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് നഷ്ടം വരുത്തുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിക്കുന്നതിന് കമ്പനികാര്യ നിയമപ്രകാരം നിയോഗിച്ച മൂന്നംഗസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സഹാറാ കേസിൽ ഉപകമ്പനികൾക്കെതിരായ അന്വേഷണം സുപ്രീം കോടതി ശരിവച്ചിരുന്നു. ഏതെങ്കിലും കമ്പനികളിൽ ക്രമക്കേട് നടന്നാൽ സ്വതന്ത്രഡയറക്ടർമാർ പോലും ഉത്തരവാദികളാണെന്ന് സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദമുണ്ടായി.
എന്നാൽ ആരോപിക്കപ്പെടുന്ന ഇടപാടുകൾ അക്കൗണ്ട് ബുക്കിൽ ഇല്ലാത്തതാണെന്നും അതിനാൽ കെ.എസ്.ഐ.ഡി.സിക്ക് അറിവില്ലെന്നും സി.എസ്. വൈദ്യനാഥൻ വാദിച്ചു. കോടതിയുടെ അനുമതിയുടെ മാത്രമെ നോട്ടീസ് പോലും നല്കാവൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഐ.ഡി.സി. ക്ലീനായി വരണമെന്ന് കോടതിയും പറഞ്ഞു.
'എക്സാലോജിക് വീണ്ടും ഉയർത്തുന്നത് രാഷ്ട്രീയ പ്രേരിതം'
എക്സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കമെന്നും സി.പി.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനുള്ള ശ്രമത്തിനു പിന്നിൽ കൃത്യമായ അജണ്ടയാണ്. എസ്.എഫ്.ഐ.ഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഷോൺ ജോർജാണ് . പി.സി ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടൽ ഇതിൽ വ്യക്തമാകും.
തിരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യു.ഡി.എഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രസർക്കർ ബി.ജെ.പി ഇതര സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവൻ ചർച്ചയാക്കാൻ സമര പരിപാടിയിലൂടെ സാധിച്ചു.എന്നാൽ ബി.ജെ.പി സർക്കാരിനെ കേരളത്തിലെ യു.ഡി.എഫുകാർ ന്യായീകരിക്കുകയാണ് ചെയ്തത്. അതേസമയം കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സമരം കേരളത്തിലെ കോൺഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി.
പ്രധാമന്ത്രി . ഭക്ഷണത്തിന് വിളിച്ചാൽ പോകാതിരിക്കാനുള്ള സംസ്കാരമില്ലെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചപ്പോൾ പോവാതിരുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യു.ഡി.എഫും വ്യക്തമാക്കണമെന്ന് ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |