
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിജീവിത നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്നും രാഹുൽ, സുഹൃത്ത് ജോബി ജോസഫ് വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
മരുന്ന് കഴിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോ കോളിലൂടെ നിർദേശം നൽകി. മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവെച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. ഒടുവിൽ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ശകാരിച്ചു. ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയാണിതെന്നും ഡോക്ടർ പറഞ്ഞെന്നാണ് പരാതിക്കാരിയുടെ മൊഴി.
ബംഗളൂരുവിലെ ആശുപത്രിയിൽവെച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയതെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴി പുറത്തുവന്നതോടെയാണ് പ്രാകൃതമായ രീതിയിലാണ് ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.
റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. അഞ്ചരമണിക്കൂറോളം നീണ്ടു. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്. യുവതിക്ക് ഗുളിക എത്തിച്ചുകൊടുത്ത അടൂർ സ്വദേശി ജോബി ജോസഫിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയത്. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദ സന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും കൈമാറിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |