തിരുവനന്തപുരം: ശമ്പളം ഗഡുക്കളാക്കിയത് ഉൾപ്പെടെയുള്ള മാനേജ്മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനയായ കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) ആഹ്വാനം ചെയ്ത 24മണിക്കൂർ പണിമുടക്ക് അർദ്ധരാത്രി മുതൽ ആരംഭിച്ചു. എന്നാൽ സർവീസുകളെ ഇത് സാരമായി ബാധിച്ചിട്ടില്ല. അതേസമയം സമരത്തെ നേരിടാൻ ഇന്നലെയും ഇന്നും നാളെയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടത്തെ ഡയസ്നോൺ ഉപയോഗിച്ച് അടിച്ചമർത്താനാകില്ലെന്ന് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്.അജയകുമാറും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പ്രദീപും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യൂണിയൻ ഭേദമെന്യേ നടത്തുന്ന നിരന്തര പ്രക്ഷോഭങ്ങളെ അവഗണിച്ച് തൊഴിലാളി ദ്രോഹനടപടികളുമായി മുന്നോട്ടു പോകാനാകില്ല.ഒരു മാസം പണിയെടുത്താൽ എപ്പോൾ വേതനം കിട്ടുമെന്ന ആശങ്ക അവസാനിക്കണം.
എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം എന്നത് തൊഴിലാളികളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചവർ നയം മാറിയതിന് തെളിവാണ് കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |