തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബഡ്ജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.
എല്ലാ റേഷൻ കടകളിലും
മണ്ണെണ്ണ എത്തിയില്ല
തിരുവനന്തപുരം: രണ്ടു വർഷത്തിനുശേഷം എല്ലാ വിഭാഗം കാർഡ് ഉടമകൾക്കുമായി മണ്ണെണ്ണ അനുവദിച്ചെങ്കിലും എല്ലാ റേഷൻ കടകളിലും ലഭ്യമായില്ലെന്ന് വ്യാപാരികൾ. ആകെയുള്ള 13,989 കടകളിൽ 700ൽ മാത്രമാണ് മണ്ണെണ്ണ എത്തിയത്. കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലെ ഡിപ്പോകളിൽ എത്തിയിട്ടില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പറയുന്നു.
എറണാകുളം, ഇടുക്കി ജില്ലകളിൽ പഴയ സ്റ്റോക്ക് ഉപയോഗിച്ചായിരുന്നു വിതരണം. കേന്ദ്രം അനുവദിച്ച 5,676 കിലോലിറ്റർ മണ്ണെണ്ണയിൽ 246 ലക്ഷം ലിറ്റർ മാത്രമാണ് ഏറ്റെടുത്തതെന്നും 30നകം ഏറ്റെടുത്തില്ലെങ്കിൽ ബാക്കി വിഹിതം പാഴാകുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, മണ്ണെണ്ണ ഉൾപ്പെടെ എല്ലാ റേഷൻ സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |