താത്കാലികക്കാരുടെ ശമ്പളം ഓണത്തിനും ഉറപ്പില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉത്സവബത്തയായി 3,000 രൂപയും ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും ലഭിക്കും. ഏതാനും വർഷങ്ങളായി ഉത്സവബത്ത 2,750 രൂപയായിരുന്നു.
സ്ഥിരം ജീവനക്കാർക്ക് സെപ്തംബർ ഒന്നിന് ശമ്പളവും മൂന്നിന് ബോണസും ഉത്സവബത്തയും വിതരണം ചെയ്യും. താത്കാലിക ജീവനക്കാർക്ക് ഉത്സവബത്തയായി കഴിഞ്ഞ വർഷത്തേതുപോലെ 1,000 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാരുടെ ബോണസ് തുക തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ 1,000 രൂപയാണ് നൽകിയത്. ഇത് കൂട്ടാൻ സമ്മർദ്ദമുണ്ട്. അന്തിമ തീരുമാനം നാളെയുണ്ടാകും.
ബാങ്കിൽ നിന്ന് ഓവർഡ്രാഫ്ട് എടുത്താണ് ബോണസും ഉത്സവബത്തയും നൽകുന്നത്. 6.5 കോടി രൂപ അധികം വേണം. താത്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഓണത്തിനുമുമ്പ് നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജൂലായിലെ ശമ്പളം നൽകിയത് ആഗസ്റ്റ് 26നായിരുന്നു. സ്വിഫ്റ്റ് ജീവനക്കാർക്കും മാസാദ്യം ശമ്പളം ലഭിക്കാറുണ്ട്.
ക്ഷാമബത്ത വേണം
സംസ്ഥാനത്ത് പൂജ്യം ശതമാനം ക്ഷാമബത്ത നിലനിൽക്കുന്ന ഏക സർക്കാർ സ്ഥാപനം കെ.എസ്.ആർ.ടി.സിയാണ്. 2021 മുതൽ അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ക്ഷാമബത്ത നൽകണമെന്ന ആവശ്യം തൊഴിലാളി സംഘടനകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |