തൊടുപുഴ: ധീരജ് വധക്കേസിലെ നാലാം പ്രതി നിധിൻ ലൂക്കോസിനെ കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. കൊലപാതകം നടക്കുമ്പോൾ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന നിധിന് പുനഃസംഘടനയിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ദേശീയ സെക്രട്ടറി ശൗര്യവീർ സിംഗും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ചേർന്നാണ് പുനഃസംഘടന പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി ധീരജ് രാമചന്ദ്രൻ 2022 ജനുവരി 10നാണ് ക്യാമ്പസിലെ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെടുന്നത്. നിധിൻ ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരായിരുന്നു പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം നൽകി. കേസിൽ പ്രതിയായിരുന്നെങ്കിലും നിധിൻ കെ.എസ്.യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നിരുന്നു. ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. കെ.എസ്.യു സംഘടനാ പ്രവർത്തനം നല്ലരീതിയിൽ നടത്തുന്നതിന്റെ പേരിൽ നിധിൻ ലൂക്കോസിനെ കേസിൽ അന്യായമായി പ്രതി ചേർക്കുകയായിരുന്നെന്ന് സ്ഥാനമൊഴിയുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി ലൂക്കോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |