
പത്തനംതിട്ട: കാത്തിരിപ്പിനൊടുവിൽ 2023ൽ 100-ാം വയസിലാണ് പാറുക്കുട്ടി കന്നിമാളികപ്പുറമായി ശബരിമല സന്നിദ്ധാനത്തെത്തിയത്. ഇപ്പോൾ പ്രായം 102 ആയെങ്കിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കരുത്തിൽ മൂന്നാം തവണയും അയ്യപ്പനെ കണ്ടതിന്റെ നിർവൃതിയാണ് ആ മനസു നിറയെ.
പതിനെട്ടാം പടിവരെ ഡോളിയിലായിരുന്നു മലകയറ്റം. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മുകളിലെത്തിയത്. സുഖമായി അയ്യപ്പനെ തൊഴാൻ കഴിഞ്ഞെന്നും പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം സുഖദർശനം സാദ്ധ്യമാക്കിയെന്നും മുത്തശ്ശി പറയുന്നു.
വയനാട് മീനങ്ങാടിക്ക് സമീപമുള്ള കൊളേരി സ്വദേശിയാണ് പാറുകുട്ടി. പേരക്കുട്ടികളും ബന്ധുക്കളും മലയ്‌ക്ക് പോകാൻ ഒരുങ്ങുമ്പോൾ പേരമകൻ ഗിരീഷ് കുമാറാണ് മുത്തശ്ശിയും പോരുന്നോയെന്ന് ചോദിച്ചത്. അങ്ങനെയാണ് 2023ൽ ആദ്യമായി പാറുകുട്ടി മലകയറിയത്. കഴിഞ്ഞ വർഷവും മലകയറി. ബന്ധുക്കളും പേരക്കുട്ടികളും ഉൾപ്പെടെ 12 പേരടങ്ങുന്ന സംഘത്തോടൊപ്പം കോളേരി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് ഇത്തവണ മുത്തശ്ശി മലകയറിയത്.
102-ാം വയസിൽ അഭിനയരംഗത്തും പരീക്ഷണം നടത്തിയിരിക്കുകയാണ് പാറുക്കുട്ടി. ഏറ്റുമാനൂർ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്‌ത രുദ്രന്റെ നീരാട്ട് എന്ന സിനിമയിലാണ് പാറുക്കുട്ടി അഭിനയിച്ചത്. 100-ാം വയസിൽ ശബരിമല തീർത്ഥാടന യാത്ര നടത്തുന്ന ഒരു മുത്തശ്ശിയായാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രമേയം ചർച്ച ചെയ്യുന്ന സിനിമ മാർച്ചിലാകും പുറത്തിറങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |