തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി ഹെലികോപ്ടർ വട്ടമിട്ട് പറന്ന സംഭവത്തിൽ പ്രതികരിച്ച് ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ. കഴിഞ്ഞ 28ാം തീയതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഒരു ഹെലികോപ്ടർ വട്ടമിട്ട് പറന്നത്. അഞ്ച് പ്രാവശ്യം ഹെലികോപ്ടർ വട്ടമിട്ട് പറന്നെന്നും ഇത് സർക്കാർ ഗൗരവമായി കാണണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഹെലികോപ്ടറിനെ അവിടെ എത്തിച്ചതാരാണ്?, അവരുടെ ഉദ്ദേശ ലക്ഷ്യമെന്താണ്?, ഇതെങ്ങനെ സംഭവിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം പ്രതികരണം അറിയിച്ചത്.
വളരെ ഉത്കണ്ഠ ഉയർത്തുന്ന സംഭവമാണെന്നും ഭക്തർ ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി ഏഴ് മണിയ്ക്ക് ക്ഷേത്രത്തിൽ പൂജ നടക്കുമ്പോഴാണ് ഇത് ഉണ്ടായത്. ഈ സംഭവം യാദൃശ്ചികമായി കാണാൻ കഴിയില്ല. മാത്രവുമല്ല ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'അവിടെ കോടിക്കണക്കിന് രൂപയുടെ വില പിടിപ്പുള്ള ആഭരണവും സ്വർണശേഖരങ്ങളുമുണ്ട്. 200ലധികം പൊലീസുകാർ അവിടെ സുരക്ഷാ കാര്യങ്ങളിൽ പ്രവർത്തിക്കുമ്പോൾ, ആകാശത്ത് ഇത്തരത്തിൽ ഹെലികോപ്ടർ വട്ടമിട്ട് പറന്നിട്ടുണ്ടെങ്കിൽ അത് നിസാരമായി തള്ളിക്കളയാനുള്ളതല്ല. ആകാശ മാർഗം ക്ഷേത്രത്തിന് മുകളിലൂടെ യാത്ര ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് അവിടെ ഹെലികോപ്ടർ എത്തിയത്. ഇത് ദുരുഹതകൾക്ക് വഴിയൊരുക്കുന്നു. കൂടാതെ അത് ഒരു സ്വകാര്യ ഹെലികോപ്ടറാണ്' - കുമ്മനം പറഞ്ഞു. ഇതിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും കുമ്മനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹെലികോപ്ടർ ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ട് പറന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് കേരള കൗമുദി ഓൺലെെനിനോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |