
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടുവെന്ന് അതിജീവിതയുടെ ഭർത്താവ്. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഭീഷണി. ബിജെപിയിൽ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തന്റെ വിശദീകരണം പോലും കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തത്. പരാതിയുമായി താൻ മുന്നോട്ട് പോകുമെന്ന് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും യുവാവ് ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് യുവമോർച്ചയുടെ ഭാരവാഹിത്വത്തിൽ നിന്ന് പരാതിക്കാരിയുടെ ഭർത്താവിനെ പുറത്താക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് യുവമോർച്ച പാലക്കാട് വെസ്റ്റ് പ്രസിഡന്റ് വേണുഗോപാൽ വ്യക്തമാക്കിയത്. നടപടിയിൽ മറ്റ് കാരണങ്ങളില്ലെന്നും വിശദീകരിച്ചിരുന്നു.
രണ്ട് മാസം മാത്രം നീണ്ട തന്റെ കുടുംബജീവിതം തകരാൻ കാരണം രാഹുലാണെന്നും വലിയ നാശനഷ്ടം സംഭവിച്ചുവെന്നുമാണ് അതിജീവിതയുടെ ഭർത്താവിന്റെ പരാതിയിൽ പറയുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.മുമ്പ് മുഖ്യമന്ത്രിക്കും വിഷയത്തിൽ യുവാവ് പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |