
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മേഖല ജാഥകൾ 15ന് അവസാനിച്ചശേഷം സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണയവും സജീവമാക്കാൻ എൽ.ഡി.എഫ്. 28ന് മുൻപ് സീറ്റുകളുടെ കാര്യത്തിൽ ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് നീക്കം. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 60 നിയമസഭാ മണ്ഡലങ്ങളിലൂടെ നയിക്കുന്ന വടക്കൻ മേഖല ജാഥ 15ന് തിരൂരിൽ സമാപിച്ചശേഷം ചർച്ചകൾ സജീവമാക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. 2021ൽ 75 സീറ്റുകളിൽ മത്സരിച്ച സി.പി.എം 62 ഇടത്ത് വിജയിച്ചു. 23 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ 17 ഇടത്തും. 12 സീറ്രുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) അഞ്ചിടത്ത് വിജയിച്ചു. ഇക്കുറി കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന മാണി ഗ്രൂപ്പ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന് മത്സരിക്കാനാവില്ല. അതിനാൽ തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എം ആലോചന. മാണിഗ്രൂപ്പും ഈ സീറ്റ് ആവശ്യപ്പെടുന്നുണ്ട്.
ബൂത്തിൽ 2 മുഴുവൻ
സമയ പ്രവർത്തകർ
1.ഗൃഹസന്ദർശന പരിപാടി പൂർത്തിയാക്കിയ സി.പി.എം ജനങ്ങളുമായുള്ള ഇടപെടലിൽ പാകപ്പിഴ ഉണ്ടായെന്ന് വിലയിരുത്തുന്നു. ഇത് പരിഹരിക്കാൻ ഓരോ ബൂത്തിലും രണ്ട് പാർട്ടി അംഗങ്ങളെ മുഴുവൻ സമയ പ്രവർത്തകരായി നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. ഇവർക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകും.
2.ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ പാർട്ടി അംഗങ്ങളില്ലാത്തയിടങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തണം. ബൂത്ത് കമ്മിറ്റിക്ക് പുറമേ മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതുസ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായകമ്മിറ്റികൾ രൂപീകരിക്കാനും നിർദ്ദേശം നൽകി
യു.ഡി.എഫിൽ ചർച്ച
അവസാനഘട്ടത്തിലേക്ക്
സീറ്റ് വിഭജന ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മാർച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |