
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തു തല കണക്കെടുപ്പുമായി മുന്നണികൾ. മന്ത്രിമാർ മത്സരിച്ച ചിലയിടങ്ങളിലുൾപ്പെടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും കനത്ത തിരിച്ചടിയുണ്ടാകില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. യു.ഡി.എഫ് തരംഗമുണ്ടായെന്നാണ് കോൺഗ്രസിന്റേയും മുസ്ലിംലീഗിന്റേയും വിലയിരുത്തൽ.
മന്ത്രി വി.അബ്ദുറഹ്മാന് തിരൂരിൽ വിജയം ഉറപ്പിക്കാനാകില്ലെന്നാണ് സി.പി.എം ജില്ലാ ഘടകത്തിന്റെ വിലയിരുത്തൽ. മലപ്പുറത്ത് തവനൂർ, പൊന്നാനി സീറ്റുകളിൽ വിജയിക്കും. താനൂർ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ പത്തിടത്തും വിജയിക്കും. പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചു പിടിക്കുന്നതിൽ ആശങ്കയുണ്ട്. ആലപ്പുഴ ജില്ലയിൽ മികച്ച വിജയം നേടാനാകും. പത്തനംതിട്ടയിൽ അഞ്ച് മണ്ഡലങ്ങളിലും വിജയിക്കും. ആറന്മുളയിൽ വീണാ ജോർജ് 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. കോന്നിയിൽ ജനീഷ് കുമാറും റാന്നിയിൽ പ്രമോദ് നാരായണനും തിരുവല്ലയിൽ മാത്യു ടി .തോമസും അടൂരിൽ പ്രിജി കണ്ണനും വിജയിക്കും. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിറുത്തും.
പാലക്കാട് ജില്ലയിൽ അട്ടിമറി നടക്കുമെന്നാണ് യു ഡി എഫ് വിലയിരുത്തൽ. 2 സീറ്റുകൾ 7 വരെയായി ഉയരാം. നാല് മണ്ഡലങ്ങളിൽ വലിയ ആധിപത്യമുണ്ട്. പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വിജയം നേടും. ഒറ്റപ്പാലത്ത് ഇത്തവണ അട്ടിമറി വിജയം നേടാൻ സാദ്ധ്യതയുണ്ട്. എറണാകുളം ജില്ലയിൽ യു.ഡി.എഫ് ആധിപത്യമായിരിക്കും. മലപ്പുറത്തും കാസർകോടും സമ്പൂർണ വിജയം നേടും. അമ്പലപ്പുഴയിൽ ജി.സുധാകരൻ 8000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടും. കായംകുളത്ത് എം.ലിജുവും റാന്നിയിൽ പഴകുളം മധുവും വിജയിക്കും. 20 സീറ്റുകൾ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫ് തരംഗമാണെങ്കിൽ 22 സീറ്റിന് മുകളിൽ ലഭിക്കും. മലപ്പുറത്ത് മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണ്. കാസർകോട് ജില്ലയിൽ മത്സരിക്കുന്ന രണ്ട് സീറ്റിലും വിജയിക്കും. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റിയാടി സീറ്റുകൾ തിരിച്ചു പിടിക്കാൻ കഴിയും. താനൂർ, കളമശ്ശേരി, സീറ്റുകളിലും വിജയ സാദ്ധ്യതയുണ്ട്.
തുടർഭരണമെന്ന് സി.പി.ഐ
സംസ്ഥാനത്ത് എൽ.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് സി.പി.ഐ. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്നും സംസ്ഥാന നിർവാഹക സമിതി യോഗം വിലയിരുത്തി.72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകും.
തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയുണ്ട്.. കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്. മന്ത്രിമാരായ കെ.രാജനും ജി.ആർ.അനിലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.4 മന്ത്രിമാരും വിജയിക്കുമെന്നാണ് വിലയിരുത്തൽ. 2021നേക്കാൾ സീറ്റ് മലബാറിൽ കുറയും. തെക്കൻ, മധ്യ കേരളത്തിൽ തിരിച്ചടിയുണ്ടാകില്ല. ന്യൂനപക്ഷ വോട്ടിൽ ഒരു വിഭാഗം എൽ.ഡി.എഫിനൊപ്പം നിന്നു. ഈഴവ വോട്ടുകൾ എൽഡിഎഫിന് സമാഹരിക്കാൻ കഴിഞ്ഞു. അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.
സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്
തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കണക്കുകൾ അവലോകനം ചെയ്യും. വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകളാണ് യോഗം വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |