
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ അധിക സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസുമായി സീറ്റ് വെച്ചുമാറാനുള്ള സമ്മർദ്ദതന്ത്രമെന്ന് സൂചന. പരാജയപ്പെടുന്ന സീറ്റുകൾക്ക് പകരം വിജയസാദ്ധ്യതയുള്ള സീറ്റുകൾ വേണമെന്നാണ് നിലപാട്.
കോൺഗ്രസിന്റെ പട്ടാമ്പി, കണ്ണൂർ, തവനൂർ, കൽപ്പറ്റ, കൊയിലാണ്ടി സീറ്റുകളിലാണ് നോട്ടം. ലീഗിന്റെ കോങ്ങാട്, ഗുരുവായൂർ, പുനലൂർ, കൂത്തുപറമ്പ്, അഴീക്കോട് സീറ്റുകൾ പകരം നൽകാമെന്നാണ് നിർദേശം. കണ്ണൂർ, പട്ടാമ്പി, കൽപ്പറ്റ മണ്ഡലങ്ങൾ വെച്ചുമാറണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയിട്ടുണ്ടെങ്കിലും ലീഗ് പിന്നാക്കം പോയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിറുത്തിയാണ് ലീഗിന്റെ അവകാശവാദം. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ മൂന്നാമത്തെ പാർട്ടിയാണ് ലീഗ്.
2021ൽ 27 നിയമസഭാ സീറ്റുകളിൽ മത്സരിച്ച ലീഗ് 15 സീറ്റുകളിൽ വിജയിച്ചിരുന്നു. മലപ്പുറം ജില്ലയിൽ 11, കാസർക്കോട് രണ്ട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഓരോ സീറ്റ് എന്നിങ്ങനെയാണ് വിജയിച്ചത്. ഇക്കുറി 20 സീറ്റിൽ കുറയാത്ത വിജയമാണ് ലക്ഷ്യം. മൂന്ന് സീറ്റുകൾ അധികം ചോദിച്ച് 30 സീറ്റുകളിൽ മത്സരിക്കാൻ മോഹമുണ്ടെങ്കിലും അവകാശവാദം മുന്നണിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ലീഗിനുണ്ട്. അതിനാൽ പിടിവാശിയിലേക്ക് നീങ്ങില്ല. അംഗബലം ഉയർത്തിക്കാട്ടി ലീഗ് ഉപമുഖ്യമന്ത്രി പദവിയടക്കം ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഇതിനു മുമ്പ് അഞ്ചാംമന്ത്രി വിഷയത്തിലേറ്റ പരിക്കുമാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.
ലീഗിനെ പിണക്കാനാവില്ല
# കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലബാറിലെ ആറ് ജില്ലകളിലെ 60 സീറ്റുകളിൽ 30 ഇടത്ത് മത്സരിച്ചപ്പോൾ കോൺഗ്രസിന് ആറിടത്ത് മാത്രമാണ് വിജയിക്കാനായത്. 23 സീറ്റിൽ മത്സരിച്ച ലീഗ് 15 സീറ്റുകളിലും വിജയിച്ചു. യു.ഡി.എഫിന് ആകെ 21 മണ്ഡലങ്ങൾ മാത്രം.
# ഇത്തവണ മലബാറിൽ നിന്ന് 38-40 സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. 15 സീറ്റിലെങ്കിലും വിജയം കണക്കുകൂട്ടുന്ന കോൺഗ്രസിന് ലീഗിന്റെ മികച്ച പിന്തുണ അനിവാര്യമാണ്.
# തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില പരുങ്ങലിലായാൽ ലീഗ് മാറി ചിന്തിക്കുമെന്ന് ആശങ്കയുണ്ട് . തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ലയെന്ന പ്രചാരണം ഇടതു കേന്ദ്രങ്ങൾ ഉയർത്തുന്നത് ഈ സാദ്ധ്യത മുന്നിൽകണ്ടാണെന്ന് സൂചന.
മലപ്പുറത്തേക്ക് മാറാൻ
പി.കെ. കുഞ്ഞാലിക്കുട്ടി
ഷാബിൽബഷീർ
മലപ്പുറം: യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാവുന്നതിന് പിന്നാലെതന്നെ മുസ്ലിം ലീഗ് നിയമസഭാസ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
യുവ, വനിതാ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കാൻ അഞ്ചോളം എം.എൽ.എമാരെ ഒഴിവാക്കിയേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയ മൂന്ന് ടേം വ്യവസ്ഥ കർക്കശമാക്കില്ല. മുതിർന്ന നേതാക്കളായ കുഞ്ഞാലിക്കുട്ടിക്കും എം.കെ.മുനീറിനും ഇളവുണ്ട്. അനാരോഗ്യം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുനീർ ആഗ്രഹം പ്രകടിപ്പിച്ചാൽ സീറ്റ് നൽകണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറിയേക്കും.ലീഗിന് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുന്നത് മലപ്പുറം മണ്ഡലത്തിലാണ്. സിറ്റിംഗ് എം.എൽ.എ പി.ഉബൈദുള്ളയ്ക്ക് 35,208 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 1982ൽ കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത് മലപ്പുറത്ത് നിന്നാണ്. 87ലും മലപ്പുറത്തിന്റെ പ്രതിനിധിയായി.
2006ൽ കുറ്റിപ്പുറത്ത് നിന്ന് മത്സരിച്ചപ്പോൾ, ഇടതുസ്വതന്ത്രനായ കെ.ടി. ജലീലിനോട് പരാജയപ്പെട്ടു. 2011 മുതൽ 2021 വരെ വേങ്ങരയിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ചു.വേങ്ങരയിൽ 30,596 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക്. മണ്ഡല പുനർനിർണ്ണയത്തിൽ കുറ്റിപ്പുറം ഇല്ലാതായി.
വേങ്ങരയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ മത്സരിപ്പിച്ചേക്കും. സമസ്തയ്ക്ക് അനഭിമതനായ സലാമിനെ ഉറച്ച കോട്ടയിൽ മത്സരിപ്പിക്കേണ്ടതുണ്ട്. സ്വന്തം നാടായ തിരൂരങ്ങാടിയിലും സലാമിന് കണ്ണുണ്ട്. കെ.പി.എ.മജീദ് തിരൂരങ്ങാടിയിൽ നിന്ന് മാറിയേക്കും.
ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എം.എൽ.എ വള്ളിക്കുന്നിൽ നിന്ന് മഞ്ചേരിയിലേക്ക് മാറിയേക്കും. ഏറനാട്ടിലെ പി.കെ. ബഷീർ എം.എൽ.എയെ മഞ്ചേരിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. വള്ളിക്കുന്ന്, താനൂർ നിയോജക മണ്ഡലങ്ങളിൽ എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കൾക്ക് കണ്ണുണ്ട്. കോട്ടക്കൽ, മങ്കട, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കാനാണ് സാദ്ധ്യത. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് എന്നിവർക്കാണ് വനിതകളിൽ പ്രാമുഖ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |