തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ ഇവരുടെ സാന്നിദ്ധ്യം മറച്ചുവച്ചതും വിവാദമായി. മുഖ്യമന്ത്രി എതിർകക്ഷിയായ ദുരിതാശ്വാസ ദുർവിനിയോഗക്കേസ് ലോകായുക്തയുടെ ഫുൾബഞ്ച് 12ന് പരിഗണിക്കാനിരിക്കെയാണിത്. ലോകായുക്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സമൂഹത്തിന് ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കിയെന്നും ഹർജിക്കാരനായ ആർ.എസ്.ശശികുമാർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കേണ്ട ന്യായാധിപന്മാർ മുഖ്യമന്ത്രിയോടൊപ്പം വിരുന്നിൽ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണ്. വാർത്താക്കുറിപ്പിൽ ഇവരുടെ പേരുകൾ ഒഴിവാക്കിയത് ചടങ്ങിൽ ഇവർ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കാരിന് ബോധ്യമുള്ളതിനാലാണ്. ലോകായുക്ത പൂർണമായി സർക്കാരിന്റെ സ്വാധീനവലയത്തിൽ പെട്ടിരിക്കുന്നുവെന്നാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും ശശികുമാർ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് ലോകായുക്തയ്ക്ക് അന്വേഷിക്കാമെന്ന് 2019ൽ ലോകായുക്ത ഫുൾബെഞ്ച് ഉത്തരവിട്ടത് മറികടന്നാണ് പിണറായിക്കെതിരായ ഹർജി നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കാൻ രണ്ടംഗബെഞ്ച് വീണ്ടും ഫുൾബെഞ്ചിന് വിട്ടത്. ഈ ഉത്തരവ് തിരിച്ചുവിളിച്ച് പുനഃപരിശോധിക്കണമെന്ന് ഹർജിക്കാരൻ റിവ്യൂ ഹർജി നൽകിയെങ്കിലും ഹർജിക്ക് നമ്പർ നൽകാൻ രജിസ്ട്രാർ വിസമ്മതിച്ചു. ലോകായുക്തയുടെ മുൻകൂർ അനുമതി ഉണ്ടെങ്കിലേ റിവ്യൂ ഹർജി സ്വീകരിക്കാനാവു എന്ന വിചിത്ര നിലപാടാണ് രജിസ്ട്രാർ സ്വീകരിച്ചതെന്നും ശശികുമാർ പറഞ്ഞു. കഴിഞ്ഞ 4ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താറിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദും പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |