ഇടുക്കി: ലൗ ജിഹാദിലൂടെ 400ല്‍ അധികം യുവതികളെ നഷ്ടമായി എന്ന വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തിനായി കാക്കുകയാണ് പൊലീസ്. വിവാദ പരാമർശത്തിൽ ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്. തൊടുപുഴയിൽ നിന്ന് യൂത്ത് കോൺഗ്രസ്, എസ്‌ഡിപിഐ, പാലായിൽ നിന്ന് യൂത്ത് ലീഗ് എന്നിവരാണ് പരാതി നൽകിയത്. ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിലും യൂത്ത് ലീഗ് ആയിരുന്നു പരാതി നൽകിയത്. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗിന്റെ പുതിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയിലായിരുന്നു പി സിയുടെ വിവാദ പ്രസംഗം.
പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്:
ഇവിടെ ചര്‍ച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കുമരുന്നിനെയും പറ്റിയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്‌നം. ഇരാറ്റുപേട്ടയില്‍ ഒരു കെട്ടിടത്തില്‍ ഈ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചിരിക്കുകയാണ്. അതെവിടെ കത്തിക്കാനാണെന്നൊക്കെ എനിക്കറിയാം. കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഇതെങ്ങോട്ടാണ് ഈ രാജ്യം പോകുന്നത്. പതിനാല് വയസുള്ള പെണ്‍കുഞ്ഞും നാല്‍പ്പത്തൊന്ന് വയസുള്ള തൈക്കിളവനും ആത്മഹത്യ ചെയ്തു. മരത്തില്‍ തൂങ്ങി നില്‍പ്പുണ്ട്. ഇതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എവിടെപോയി നില്‍ക്കും ഇത്.
പിതാവ് മുമ്പ് പള്ളിയില്‍ പ്രസംഗിച്ചു, നാര്‍കോട്ടിക് ജിഹാദും ലൗ ജിഹാദും അപകടകരമാണ് മക്കളേയെന്ന് പറഞ്ഞു. അന്ന് കേരളം മുഴുവന്‍ കത്തിക്കുകയല്ലായിരുന്നോ. ഈരാറ്റുപേട്ടയില്‍ നിന്ന് ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാന്‍ വന്നത്. അവര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ അവിടെ ഒറ്റയ്ക്ക് വന്നിറങ്ങിയ ആളാണ് ഞാന്‍. ഒറ്റ പാലാക്കാരനും പ്രതികരിക്കാന്‍ വന്നില്ല.
വളരെ അപകടകരമായ രീതിയില്‍ പോയിക്കൊണ്ടിരിക്കുകയാണ്. നമുക്കെന്ത് ചെയ്യാനാകും. ഒരു കാര്യം ചെയ്യാം. ഇത് സ്‌കൂളിലൊന്നും മാറ്റാന്‍ കഴിയില്ല. എത്ര സ്‌കൂള്‍ നല്ലവണ്ണം നടക്കുന്നുണ്ട്? കുടുംബത്തിലേക്ക് പോകുക. സന്ധ്യാ പ്രാര്‍ത്ഥന നിര്‍ബന്ധമായും വേണം. അതിന് അപ്പനും അമ്മയും മക്കളും ഒന്നിച്ച് വേണം. അതിനുശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. അപ്പോള്‍ ആ ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യണം. അങ്ങനെ മദ്യം മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുട്ടികളെ പറഞ്ഞുമനസിലാക്കണം.
മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാല്‍പ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങള്‍. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളില്‍ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാര്‍ അവരുടെ കുടുംബത്തില്‍ അവരുടെ ഭാര്യയും മക്കളുമായി ചര്‍ച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക.
വേറൊരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ഈ ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെണ്‍കൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണത്. ഇത് പറയുമ്പോള്‍ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോള്‍ പെണ്‍കൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ.
25 വയസായിരുന്നപ്പോള്‍ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോള്‍ സന്തോഷം. അപ്പോള്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ഭല്യങ്ങളാണ്.
മുസ്ലീം പെണ്ണുങ്ങള്‍ പിഴക്കുന്നില്ലല്ലോ, എന്താ കാര്യം? പതിനെട്ട് തികയുമ്പോഴേ കെട്ടിക്കുകയാണ്. നമ്മളോ ശമ്പളം കിട്ടുന്നതാണെങ്കില്‍ ഇരുപത്തിയെട്ടോ ഇരുപത്തിയൊന്‍പതോ ആയാലും കെട്ടിക്കില്ല. അതിന്റെ ശമ്പളമിങ്ങ് പോരട്ടെ, ഊറ്റി എടുക്കാമല്ലോ. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയുണ്ടെങ്കില്‍ ഇരുപത്തിനാല് വയസാകുമ്പോള്‍ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ.'- പി സി ജോര്‍ജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |