കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി ഒളിച്ച് കടത്താൻ ശ്രമിച്ച 340 ഗ്രാം സ്വർണമിശ്രിതം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 08.15ന് ദുബായിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ (29) എന്ന യുവാവിനെയാണ് സ്വർണവുമായി എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി പാക്ക് ചെയ്ത് ജീൻസിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് നിന്നും ഇയാൾ എത്തിയത്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫർ കുറ്റം സമ്മതിച്ചത്.
പിടിച്ചെടുത്ത 340 ഗ്രാം വരുന്ന സ്വർണ്ണ മിശ്രിതത്തിൽ 300 ഗ്രാം ശുദ്ധ സ്വർണ്ണം അടങ്ങിയിട്ടുണ്ടാവുമെന്നും ഇതിന് 26 ലക്ഷത്തിലധികം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. അഭ്യന്തര വിപണിയിൽ 24 ക്യാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8750രൂപയാണ് നിലവിലെ വില. മിസ്ഫറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |