മധുര:കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ പിണറായിവിജയൻ നയിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ഇപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയാണ്. സ്വാഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കേണ്ടത് അദ്ദേഹമായിരിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, പിണറായി വിജയൻ അടുത്തതവണയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്,തുടർഭരണം കിട്ടുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോൾ ഉദ്വേഗത്തോടെ ചർച്ച ചെയ്യുന്നതെന്തിനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പാർട്ടിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ശരിയായ തരത്തിൽ പ്രവർത്തനങ്ങൾ നടത്തിയാൽ തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജനറൽ സെക്രട്ടറി പദവിയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജനറൽ സെക്രട്ടറി എന്നത് സംഘടനാപരമായ വലിയ വെല്ലുവിളിയാണെങ്കിലും മറ്റുള്ളവരുടെ സഹകരണത്തോടെ കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ തന്നെയാണ് പാർട്ടിയുടെയും വെല്ലുവിളികൾ.ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവകാശ സമരങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകേണ്ടതായുണ്ട്. മധുര പാർട്ടി കോൺഗ്രസിന്റെ തീരുമാനം അതാണ്. രാജ്യത്ത് 80,000ത്തിലധികം പാർട്ടി ബ്രാഞ്ചുകളുണ്ട്. മറ്റ് പാർട്ടി ഘടകങ്ങളും. ഇതെല്ലാം സജീവമായി പ്രവർത്തിച്ചാൽ പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ സാധിക്കും. നവഫാസിസ്റ്റ് ആശയങ്ങൾ പ്രകടിപ്പിക്കുന്ന ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ വിശാല രാഷ്ട്രീയ ഐക്യം വളർത്തിയെടുക്കുകയാണ് പാർട്ടിയുടെ സമീപനം.
ആദ്യ അനുഭവം
കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത് തന്റെ ആദ്യ അനുഭവമായിരുന്നു. ജനാധിപത്യ അവകാശങ്ങൾ അനുവദിച്ചു കൊടുക്കുന്നതിന്റെ ഭാഗമാണ് അത്. അതിനപ്പുറം എന്തെങ്കിലും വിഷയങ്ങൾ ഇല്ല. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷ എന്ന നിലയ്ക്കാണ് കേന്ദ്ര കമ്മിറ്റിയിൽ പി.കെ.ശ്രീമതിയെ നിലനിർത്തിയത്. സംഘടനാ അദ്ധ്യക്ഷ എന്ന നിലയ്ക്ക് രാജ്യത്തുടനീളം ഉള്ള പ്രവർത്തനങ്ങൾ നടത്താൻ ഈ ഉത്തരവാദിത്തം കൂടുതൽ സഹായകമാവും. ഇന്ന് ബേബി തിരുവനന്തപുരത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |