തിരുവനന്തപുരം: ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യം. പക്ഷേ, അപേക്ഷകനെ വട്ടം ചുറ്റിക്കും. ഇതൊഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. റവന്യുവകുപ്പ് ഉടൻ ചട്ടഭേദഗതി കൊണ്ടുവരും. ഇതോടെ, അപേക്ഷകൾ കുമിഞ്ഞുകൂടുന്നതും ഒഴിവാകും.
കഴിഞ്ഞ ദിവസം ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചട്ടഭേദഗതി തയ്യാറാക്കാൻ മന്ത്രി കെ.രാജൻ നിർദ്ദേശിച്ചത്.
വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ/ഡെപ്യൂട്ടി കളക്ടർ സൗജന്യ തരംമാറ്റം അനുവദിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രൊഫോമയിൽ ഉൾപ്പെടുന്ന അനാവശ്യ വിവരശേഖരണമാണ് വില്ലൻ. ഇത് ഒഴിവാക്കും. പകരം തണ്ടപ്പേർ രജിസ്റ്ററിലെയും റവന്യു രേഖകളിലെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കും.
വില്ലേജ് ഓഫീസർമാർ ഏറെ സമയം ചെലവിടേണ്ടി വരുന്നത് പ്രൊഫോമ തയ്യാറാക്കാനാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിൽ വില്ലേജ് ഓഫീസർ ചേർക്കേണ്ട വിവരങ്ങൾക്ക് പുറമെയാണ് ഭൂമിയുമായി ബന്ധപ്പെട്ടെന്ന പേരിൽ മറ്റൊന്നു കൂടി പൂരിപ്പിച്ച് നൽകേണ്ടത്. കുറഞ്ഞത് 12 വിവരങ്ങളെങ്കിലും രേഖപ്പെടുത്തണം.
ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ചോദ്യങ്ങൾക്കും ഏറ്റക്കുറച്ചിലുണ്ടാവും. നെൽവയൽ പ്രദേശങ്ങളിലാണ് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടിവരിക. നിലം നികത്തിയ ഭാഗമുണ്ടോ, 10 വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളുണ്ടോ, കെട്ടിടങ്ങളുണ്ടോ, ഉണ്ടെങ്കിൽ അവയുടെ പഴക്കം, സ്ഥലത്തിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടുണ്ടോ... ഇങ്ങനെ പോകും ചോദ്യങ്ങൾ.
ഒരു വീടു വയ്ക്കാൻ...
വീടോ ചെറിയൊരു കടയോ വയ്ക്കാനാവും സൗജന്യ തരംമാറ്റ അപേക്ഷ
അപേക്ഷിച്ച് കാത്തിരിക്കുന്നത് ആയിരക്കണക്കിനു പേർ
കൂടുതൽ ഭൂമി തരംമാറ്റുന്നത് റിയൽ എസ്റ്റേറ്റ്, വ്യാവസായിക ആവശ്യത്തിന്
തരംമാറ്റ അപേക്ഷ
(ഓഗസ്റ്റ് 24 വരെ)
കിട്ടിയത്
6,39,235
തീർപ്പാക്കിയത്
3,70,769
തീർപ്പാക്കേണ്ടത്
2,68,466
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |