മലപ്പുറം: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയവരാണ്. നിലവിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകൾ കയറി ബോധവൽക്കരണവും ആരംഭിച്ചു.
അമ്പലപ്പടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്‌മ (29), റിതേഷ് (ഏഴ്) എന്നിവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്‌ടർ സർവേ, വെക്‌ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവേ, ഉറവിട നശീകരണം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ നടപടികളും പുരോഗമിക്കുന്നുണ്ട്.
ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയിൽ നടന്ന പരിശോധനയിൽ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാർവകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |