കണ്ണൂർ: മഞ്ഞ ലോഹത്തിന്റെ വിപണി മൂല്യം ആകാശത്തോളം ഉയരുമ്പോൾ, കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പൊന്നിൻ കേസുകളിൽ വൻ വർദ്ധന. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വർണ്ണ തർക്കങ്ങളുടെയും സ്വർണ്ണം നഷ്ടപ്പെടൽ പരാതികളുടെയും കുത്തൊഴുക്കാണ് സ്റ്റേഷനുകളിൽ.
സംസ്ഥാനത്തുടനീളം സ്വർണ്ണവുമായി ബന്ധപ്പെട്ട് ദിനംപ്രതി ഏകദേശം 200 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കണ്ണൂരിലും അനുദിനം കേസുകൾ വർദ്ധിക്കുകയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ അധികൃതർ വ്യക്തമാക്കുന്നു. ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളാണെന്നതാണ് പ്രത്യേകത. പണയം വെച്ചുകൊടുത്ത സ്വർണ്ണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള കേസുകളാണ് കൂടുതലും.
മുമ്പ് വിവാഹത്തിനും നൂലുകെട്ടിനുമൊക്കെ സമ്മാനമായി നൽകിയ സ്വർണ്ണം തിരിച്ച് അതേ ചടങ്ങുകൾ നടക്കുമ്പോൾ തുല്യമായ സമ്മാനമായി തിരിച്ചു കിട്ടാത്തതിന്റെ പേരിലും തർക്കമുണ്ടാകുന്നുണ്ട്. അടുത്തിടെ തളിപ്പറമ്പ്, തലശ്ശേരി സ്വദേശികൾ തമ്മിലുണ്ടായ തർക്കം കണ്ണൂർ പൊലീസ് ആസ്ഥാനത്ത് പരാതിയായെത്തി. അന്നത്തെ 20,000 രൂപയുടെ സ്വർണ്ണത്തിന് ഇപ്പോൾ 72000 ആണ് വില. തലശ്ശേരി, ഇരിട്ടി പൊലീസ് സബ് ഡിവിഷനുകളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടുതൽ പണയപ്രശ്നം
പണയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്നത് ബന്ധുക്കൾ തമ്മിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ബന്ധുക്കൾക്ക് പണയം വയ്ക്കാനായി കൊടുത്ത സ്വർണ്ണാഭരണങ്ങൾ വർഷങ്ങളായി തിരികെ ലഭിക്കാത്ത സാഹചര്യം സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
പ്രധാന കാരണങ്ങൾ
2020ൽ 8 ഗ്രാം സ്വർണത്തിന് 42,000
2025ൽ 8 ഗ്രാം സ്വർണത്തിന് 82,560
5 വർഷത്തിനുള്ളിൽ വർദ്ധന: 96.7%
സ്വർണവില വർദ്ധന പൊലീസുകാർക്ക് വെല്ലുവിളിയായിക്കുകയാണ്. ദിവസേന ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് വലിയ ഭാരമാണ്. സ്വർണ്ണ വിലവർധന കേവലം സാമ്പത്തിക പ്രശ്നം മാത്രമല്ല, കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |