തിരുവനന്തപുരം: ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ പീഠങ്ങളും സ്വർണപാളികളും മറയാക്കി ഉണ്ണിക്കൃഷ്ണൻ പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ച പീഠത്തിൽ പൂജ നടത്തുകയും അയ്യപ്പഭക്തരിൽ നിന്ന് പണം പിരിച്ചതായും വിജിലൻസിന് സൂചന ലഭിച്ചു. ദ്വാരപാലക ശില്പ പീഠം സ്‌പോൺസർ ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ വിഷയത്തിൽ ദുരൂഹതയേറിയിരുന്നു.
സ്വർണവും മറ്റു ലോഹങ്ങളുമടക്കം മൂന്നുപവനിൽ തീർത്ത പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലുള്ള വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. ശബരിമലയിൽ നിന്ന് പീഠം തിരികെ കൊണ്ടുവന്ന ശേഷം ഉണ്ണിക്കൃഷ്ണന്റെ ജീവനക്കാരന്റെ കോട്ടയത്തെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വിവാദമുണ്ടാകുന്നത് വരെ പീഠം അവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
പീഠവുമായി ബന്ധപ്പെട്ട് അവിടെ പ്രത്യേക പൂജകൾ നടന്നിരുനെന്നും സാമ്പത്തിക ഇടപാടുകൾ നടന്നെന്നുമാണ് ലഭിച്ച വിവരം. ഉണ്ണിക്കൃഷ്ണന്റെ അറിവോടെയാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇവിടേക്ക് അയ്യപ്പ ഭക്തരെ കൊണ്ടുവന്ന് അവരെ ശബരിമലയുമായി ബന്ധപ്പെട്ട പൂജയാണെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.
പീഠവും സ്വർണപാളിയുമെല്ലാം കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ഉണ്ണികൃഷ്ണൻ അവ കാണാനില്ലെന്ന പരാതി ഉന്നയിച്ചത് എന്ന ചോദ്യമാണ് ഇപ്പോൾ വിജിലൻസിനെ കുഴയ്ക്കുന്നത്. സ്വർണപാളി നന്നാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്ഥാപനത്തിലേക്കായിരുന്നു കൊണ്ടുപോയത്. അദ്ദേഹത്തിന്റെ സ്ഥാപനമായിരുന്നു അവ സ്‌പോൺസർ ചെയ്തിരുന്നത്. സ്വർണപാളികൾക്കൊപ്പം രണ്ട് സ്വർണപീഠങ്ങളും താൻ സമർപ്പിച്ചിരുന്നതായും പാകമാകാത്തതിനാൽ അവ ദേവസ്വം ബോർഡ് മാറ്റിവച്ചെന്നും പിന്നീട് ഇവ കാണാതെ പോയി എന്നുമായിരുന്നു ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |