നീറ്റ് പി.ജി 2025 റാങ്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബിരുദാനന്തര കോഴ്‌സുകളായ എം.ഡി,എം.എസ്,ഡി.എൻ.ബി കോഴ്സ് ഓൾ ഇന്ത്യാതല പ്രവേശനത്തിന് അപേക്ഷിക്കാം. നാലു റൗണ്ട് കൗൺസിലിംഗ് ഉണ്ട്. റൗണ്ട് ഒന്ന്,രണ്ട്,മോപ്പ് അപ്പ് റൗണ്ട്,സ്‌ട്രെ റൗണ്ട് എന്നിങ്ങനെയാണ് പ്രക്രിയ. രജിസ്‌ട്രേഷൻ,ചോയ്‌സ് ഫില്ലിംഗ്,സീറ്റ് അലോട്ട്‌മെന്റ്, റിപ്പോർട്ടിംഗ് എന്നിവ ഉൾപ്പെടും. എം.സി.സി വെബ്സൈറ്റിൽ പി.ജി മെഡിക്കൽ സെഷനിൽ ന്യൂ രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കണം. www.mcc.nic.in.
50 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകൾ,100 ശതമാനം ഡീംഡ്,സെൻട്രൽ യൂണിവേഴ്‌സിറ്റി സീറ്റുകൾ,ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ സീറ്റുകൾ എന്നിവിടങ്ങളിലെ 2025-26 വർഷത്തേക്കുള്ള പി.ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പൂർത്തിയാക്കുന്നത്.ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും അഖിലേന്ത്യ ക്വാട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്.
സംസ്ഥാനതല കൗൺസിലിംഗ്
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ,സ്വാശ്രയ/സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് സംസ്ഥാന തലത്തിൽ പ്രവേശന പരീക്ഷാ മേധാവികൾ പ്രത്യേക കൗൺസിലിംഗ് പ്രക്രിയ നടത്തും. കേരളം: www.cee.kerala.gov.in വഴിയും പുതുച്ചേരി: www.centacpuducherry.in വെബ്‌സൈറ്റ് വഴിയും ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. കർണ്ണാടകയിൽ എക്‌സാമിനേഷൻസ് അതോറിട്ടി www.kea.kar.nic.in വഴി ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. തെലങ്കാന,ആന്ധ്ര,ഗുജറാത്ത്,മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേയും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. മെഡിക്കൽ പി.ജി കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്നവർ താല്പര്യത്തിനനുസരിച്ച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീസ് ഘടന എന്നിവ പ്രത്യേകം വിലയിരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |