കോഴിക്കോട്: മെഡി.കോളേജ് അത്യാഹിത വിഭാഗത്തിൽ യു.പി.എസ് പൊട്ടിത്തെറിച്ച് പുക പടർന്നത് ബാറ്ററിയിലെ ഇന്റേണൽ ഷോട്ടേജ് മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഡെപ്യൂട്ടി ഇൻസ്പക്ടർ റിജു ദീപക് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് കൈമാറി.
ഷോട്ടേജ് മൂലം ഒരു ബാറ്ററി ചൂടായി വീർക്കുകയും പൊട്ടിത്തെറിച്ച് തീ പടരുകയുമായിരുന്നു. പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിച്ചു. മുറിക്കുള്ളിലെ 34 ബാറ്ററികളാണ് കത്തിയത്. വാതിലുകൾ അടച്ചതിനാൽ തീ പുറത്തേക്കു വ്യാപിച്ചില്ല. തീ പടർന്നതോടെ മുറിക്കുള്ളിലെ താപനില ഉയരുകയും അഗ്നി സുരക്ഷ സംവിധാനം പ്രവർത്തിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഫയർ അലാറം മുഴങ്ങി. ഒപ്പം ഫയർ സ്‌പ്രിംഗ്ലർ വഴി വെള്ളം പ്രവഹിച്ചതോടെ തീ ശമിച്ചു. എന്നാൽ, പൂർണമായും തീ അണയാത്തതിനാൽ മുറിയിൽ പുക നിറഞ്ഞു. യു.പി.എസ് മുറിയുടെ വാതിൽ തുറന്നതോടെ പുക പുറത്തേക്ക് വ്യാപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് ആശുപത്രിയിലെത്തി ബയോമെഡിക്കൽ എൻജിനിയറിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ തേടുമെന്ന് റിജു ദീപക് പറഞ്ഞു. വെളളിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. അപകടം ബാധിക്കാത്ത ബ്ലോക്കിലെ മറ്റ് ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനം അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. എം.ആർ.ഐ സ്കാനിംഗും പൊട്ടിത്തെറി ഉണ്ടായ ഭാഗവും ഏറ്റവും ഒടുവിലായിരിക്കും പ്രവർത്തനക്ഷമമാക്കുക. ഉപകരണങ്ങൾ പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തും.
അന്വേഷണത്തിന് അഞ്ചംഗ സമിതി
അപകടമുണ്ടായ കെട്ടിടം ഡി.എം.ഇ സന്ദർശിച്ചു. മെഡി. കോളേജ് പ്രിൻസിപ്പലിൽനിന്നടക്കം വിശദീകരണം തേടി. അപകട സമയത്തുണ്ടായ മരണങ്ങളെക്കുറിച്ചും ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സംബന്ധിച്ചും അന്വേഷണം നടത്താൻ ഡി.എം.ഇ അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. കോട്ടയം മെഡി. കോളേജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളേജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളേജ് സർജറി വിഭാഗം പ്രൊഫസർ, എറണാകുളം പൾമണോളജി എച്ച്.ഒ.ഡി, കൊല്ലം മെഡി. കോളജ് ഫോറൻസിക് വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുകയെന്ന് ഡി.എം.ഇ ഇൻചാർജ് കെ.വി വിശ്വനാഥൻ പറഞ്ഞു. അപകടമുണ്ടായ സ്ഥലമടക്കം വരും ദിവസങ്ങളിൽ സമിതി പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും പരിശോധന പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |