തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് മെഡിക്കൽ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചത്.
വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്‌ക്ക് നിർത്തിവയ്‌ക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ നൽകിവരുന്ന ചികിത്സകൾ തന്നെ തുടരാനാണ് നിർദേശം.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി എന്നിവരും മുതിർന്ന സിപിഎം നേതാവ് പികെ ഗുരുദാസൻ, ഇപി ജയരാജൻ, പികെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |