ആലപ്പുഴ : മക്കളെ നിറം പഠിപ്പിക്കാൻ എത്തിച്ച പത്തുമണിപ്പൂക്കൾ വരുമാനമാർഗമാക്കി സീനിയർ സിവിൽ പൊലീസ് ഓഫീസർ തത്തംപള്ളി കാപ്പിൽ വീട്ടിൽ മാത്യു ജോസഫ് (40). അഞ്ച് വർഷം മുമ്പ് കൊവിഡ് കാലത്താണ് കിൻഡർ ഗാർഡൻ വിദ്യാർത്ഥികളായിരുന്ന മക്കളെ പഠിപ്പിക്കാൻ പലരിൽ നിന്ന് പത്തുമണിപ്പൂക്കൾ ശേഖരിക്കാൻ തുടങ്ങിയത്.നൂറ്റമ്പതിലധികം നിറങ്ങളിലെ ആയിരക്കണക്കിന് പത്തുമണിച്ചെടികൾ ഇപ്പോൾ തോട്ടത്തിലുണ്ട്.ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഇനങ്ങളുമുണ്ട്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ ചെടികളുടെ പരിപാലനമാണ് മുഖ്യം.അരയേക്കറിലായി ഗ്രോബാഗിലും ചെടിച്ചട്ടികളിലുമാണ് കൃഷി. 38 നിറങ്ങളുള്ള അടുക്കുപത്തുമണി, 28നിറങ്ങളുള്ള സിൻഡ്രല, എട്ട് നിറങ്ങളുള്ള ജംബോ, അഞ്ച് നിറങ്ങളുള്ള അലാന, മുപ്പതിലധികം നിറങ്ങളുള്ള പെസ് ലെയ്ൻ എന്നിങ്ങനെ നീളുകയാണ് പത്തുമണികളുടെ ലിസ്റ്റ്.
വില്പന കൊറിയറിലൂടെ
# വേനൽക്കാലത്ത് പതിനയ്യായിരം മുതൽ മുപ്പതിനായിരം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ട്. ചെടിയുടെ തണ്ടാണ് വിൽക്കുന്നത്. കേരളത്തിന് പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും ആവശ്യക്കാരുണ്ട്. പോസ്റ്റൽ സർവീസും, കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസും വഴിയാണ് എത്തിക്കുന്നത്.
# പതിനഞ്ച് നിറങ്ങളിലുള്ള ചെടികളുടെ അഞ്ച് തണ്ട് വീതമുള്ള ബോക്സിന് 300 രൂപയും, ഇരുപത്തഞ്ച് നിറങ്ങളുടെ ബോക്സിന് 500 രൂപയുമാണ് കൊറിയർ നിരക്കുൾപ്പടെ ഈടാക്കുന്നത്. അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമാണ് പാക്കിംഗ് ചുമതല. ഒരു ബോക്സ് ചെടികൾ പാക്ക് ചെയ്യുമ്പോൾ മുപ്പത് രൂപ നൽകും. നഴ്സായ ഭാര്യ ലിൻഡയും മക്കളായ ജുവാൻ മാത്യുവും ഇവ റോസും എല്ലാ പിന്തുണയും നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |