കൊച്ചി: എം.എസ്.സി എൽസ 3 മുങ്ങി രണ്ട് ദിനം പിന്നിട്ടിട്ടും കപ്പലിനൊപ്പം കടലിൽ ആണ്ടുപോയ ചരക്കുകളെയും അതിന്റെ അപകടസാദ്ധ്യതകളെയും കപ്പലിനെയും കുറിച്ചുള്ള ദുരൂഹതകൾ മറ നീക്കുന്നില്ല. 28 വർഷം പഴക്കമുള്ള കപ്പൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ (27 കി.മീ) മാത്രം അകലെയാണ് മുങ്ങിക്കിടക്കുന്നത്.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെടുമ്പോൾ തന്നെ കൊച്ചിയിലെ കാലാവസ്ഥാവിവരങ്ങൾ ലഭിക്കും. കടൽ അപകടകരമാംവിധം പ്രക്ഷുബ്ധമാണെങ്കിൽ യാത്രാപഥം മാറ്റാമായിരുന്നു. അതുണ്ടായില്ല.
ലോകത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അവരുടെ പക്കലെത്തിയത് 2019ലാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നോ എന്ന് സംശയിക്കാം. കണ്ടെയ്നർ കപ്പലുകളിൽ അടിത്തട്ടുകളിൽ ചരക്കിന് ആനുപാതികമായി വെള്ളം നിറയ്ക്കാറുണ്ട് (ബല്ലാസ്റ്റിംഗ്). ഇതിൽ പിഴവ് സംഭവിച്ചതോ ചോർച്ചയിലൂടെയോ മറ്റോ അധികവെള്ളം പ്രവേശിച്ചതോ ആകാം.ഇന്ത്യയിൽ ഓഫീസുകളുള്ള എം.എസ്.സി അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ചരക്കുകൾ എന്തൊക്കെ?
കപ്പലിലെ 643 കണ്ടെയ്നറുകളിൽ 500ലേറെ എണ്ണത്തിലെയും ചരക്കുകളെക്കുറിച്ച് വ്യക്തതയില്ല
വിവരങ്ങൾ വിഴിഞ്ഞം തുറമുഖത്ത് നിന്നും കപ്പൽ ഏജന്റിന്റെ പക്കൽ നിന്നും നിഷ്പ്രയാസം ലഭിക്കും
സർക്കാർ ഇത് വാങ്ങിയിട്ടുണ്ടാകാമെങ്കിലും വെളിപ്പെടുത്തിയിട്ടില്ല.
13 കണ്ടെയ്നറുകളിൽ രാസവസ്തുവാണെന്ന് പറയുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല
12 കണ്ടെയ്നറുകളിലെ കാത്സ്യം കാർബൈഡിന്റെ സ്ഫോടന സാദ്ധ്യത ഇതുവരെ വിലയിരുത്തിയിട്ടില്ല
എൽസ 3 കൊച്ചിയിലെ പതിവ് സന്ദർശക
മുങ്ങിയ എൽസ 3 കപ്പൽ കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ പതിവ് സന്ദർശക.എം.എസ്.സി കമ്പനിയുടെ ഫീഡർ കപ്പലുകൾ ഒന്നെങ്കിലും എല്ലാ ആഴ്ചയും ഇവിടെ എത്താറുണ്ട്. എം.എസ്.സി സിൽവർ എന്ന കപ്പലും പതിവായി എത്തും.വിഴിഞ്ഞം,കൊച്ചി,തൂത്തുക്കുടി,മംഗലാപുരം തുറമുഖങ്ങൾ ബന്ധിപ്പിച്ചാണ് എൽസയുടെ സർവീസ്. 24ന് കൊച്ചിയിൽ നാലു കണ്ടെയ്നറുകൾ ഇറക്കാനും 108 എണ്ണം കയറ്റാനുമുണ്ടായിരുന്നു.ഭാരം കൂടിയവ താഴെയും ഭാരം കുറഞ്ഞവയും കാലിയായവയും മുകളിലുമാണ് അടുക്കേണ്ടത്.ഇക്കാര്യത്തിൽ ജീവനക്കാർക്ക് പിഴവുണ്ടായോയെന്ന് പരിശോധിച്ച് കണ്ടെത്താവുന്നതേയുള്ളൂ.കണ്ടെയ്നറുകൾ തമ്മിലും കണ്ടയ്നറുകളും കപ്പൽ ഡെക്കുമായും ലോഹദണ്ഡുകൾ കൊണ്ട് ബന്ധിപ്പിക്കുന്നതും ഇവ കടലിൽ വീഴാതെ ഉറപ്പിക്കുന്നതിൽ നിർണായകമാണ്.
വിഴിഞ്ഞത്ത് റിപ്പയർ യാർഡ് അത്യാവശ്യം
വിഴിഞ്ഞം പോലുള്ള മേജർ തുറമുഖത്തിന് കപ്പൽ റിപ്പയർ യാർഡ് അത്യാവശ്യമാണ്.തുറമുഖത്ത് വരുന്ന കപ്പലുകൾക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ മറ്റൊരിടത്തേക്ക് കൊണ്ടുപോവുക ബുദ്ധിമുട്ടാണ്.കൊച്ചി തുറമുഖത്ത് ഇതിനായി കൊച്ചി കപ്പൽശാലയുമായി കരാറുണ്ടാക്കിയിട്ടുണ്ട്.വിഴിഞ്ഞം തുറമുഖ വികസനത്തിൽ ഈ സൗകര്യം ഏർപ്പെടുത്താൻ വൈകരുത്.ഒരു പക്ഷേ മുങ്ങിയ കപ്പലിന് എന്തെങ്കിലും തകരാറുകൾ ഉണ്ടാവുകയും അത് കൊച്ചിയിൽ പരിശോധിക്കാൻ അവർ തീരുമാനിച്ച് യാത്ര തുടരുകയും ചെയ്തതാണെങ്കിൽ ഈ അപകടത്തിലേക്ക് വഴിയൊരുക്കിയത് ആ തീരുമാനമാകാം. തിരക്കേറിയ തുറമുഖങ്ങളിൽ ഇത്തരം ആവശ്യം സ്വാഭാവികമായും ഉണ്ടാകും.
- ഡോ. കെ. ശിവപ്രസാദ്, പ്രൊഫസർ, ഷിപ്പ് ടെക്നോളജി വകുപ്പ് കൊച്ചി സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |