കൊച്ചി: അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളിൽ മുഴുകി കൊച്ചിയിലെ 70 പിന്നിട്ട ഗായകത്രയം. കല്യാണവീടുകളിൽ മുതൽ വിദേശവേദികളിൽ വരെ റഫിയെ എത്ര പാടിയാലും മതിവരില്ല കൊച്ചിൻ ഇബ്രാഹിം, ജൂനിയർ മെഹബൂബ്, വില്യംസ് കൊച്ചിൻ എന്നിവർക്ക്. 74 കാരാണ് ഇബ്രാഹിമും മെഹബൂബും. 73 കാരനാണ് വില്യംസ്.
സ്‌കൂൾ പഠനകാലത്ത് ആരംഭിച്ചതാണ് മൂവരുടെയും പാട്ടുജീവിതം. സ്‌കൂൾ കഴിഞ്ഞ് കല്യാണവീടുകളിൽ മൂവരും പാടിത്തുടങ്ങി. മുഹമ്മദ് റഫി അന്നേ ഹൃദയത്തിൽ കുടിയേറി. മൂവരും സിനിമയിലും പാടി. ഇബ്രാഹിം ഹിന്ദി സിനിമയിലും പാടിയിട്ടുണ്ട്. കൊച്ചിയിലെ വിവിധ ട്രൂപ്പുകളിൽ ഇവർ ദീർഘകാലം ഗായകരായിരുന്നു. ഗായകൻ മെഹബൂബിന്റെ ശിഷ്യനാണ് ജൂനിയർ മെഹബൂബ്. അദ്ദേഹവും വില്യംസും സ്‌കൂൾ സഹപാഠികളുമാണ്.
''റഫിയും അദ്ദേഹത്തിന്റെ പാട്ടുകളും ചെറുപ്പത്തിലേ മനസിൽ പതിഞ്ഞതാണ്. എത്ര കേട്ടാലും പാടിയാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാലും മതിയാകില്ല. അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടാൻ കഴിയുന്നത് മഹാഭാഗ്യമാണ്"" - മൂവരും ഏകസ്വരത്തിൽ പറയുന്നു. റഫിയുടെ ഇഷ്‌ടഗാനം ഏതെന്നു ചോദിച്ചാൽ എല്ലാം ഒരുപോലെ ഹൃദ്യവും ഇഷ്‌ടവുമാണെന്ന് അവർ പറയും.
ഓർമ്മ ദിനത്തിൽ ഗാനാർച്ചന
റഫിയുടെ 45-ാം ചരമവാർഷികദിനമായ ഇന്ന് ലെറ്റസ് സിംഗ് മ്യൂസിക് ഗ്രൂപ്പ് ഫേസ്ബുക്ക്, യു ട്യൂബ് എന്നിവയിൽ സംഘടിപ്പിക്കുന്ന തത്സമയ പരിപാടിയിൽ മൂവരും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കും. വൈകിട്ട് ഏഴിനാരംഭിക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗായകർ പങ്കെടുക്കുമെന്ന് ഗ്രൂപ്പ് അഡ്മിനും സംവിധായകനുമായ റഫീക്ക് സീലാട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |