
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന് ഉപാദികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗികപീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട എംഎൽഎയ്ക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.
രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകലടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിന്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാദ്ധ്യതയുണ്ട്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
അതേസമയം, രാഹുലിനെതിരെ പീഡനക്കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് നസീറ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവമുണ്ടായി രണ്ടു വർഷം കഴിഞ്ഞ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതിലെ പൊരുത്തക്കേടും മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് നിയമ നടപടികളുമായി മുന്നോട്ടു പോവാൻ താത്പര്യം ഇല്ലാത്തതും കോടതി പരാമർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |