കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിൽ ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 69 അടി പിന്നിട്ടതോടെയാണ് ഡാമിന്റെ ആറ് ഷട്ടറുകൾ ഇന്നലെ വൈകിട്ട് തുറന്നത്. 71 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 5149 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അതേസമയം, 13 ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 138.65 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 7465 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 6516 ഘനയടി ജലമാണ് ഷട്ടറുകളിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. സെക്കൻഡിൽ 5149 ഘനയടി ജലമാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 1655 ഘനയടി ജലം മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ടണൽ വഴിയാണ് ഒഴുകിയെത്തുന്നത്.
വൈഗ ഡാം തുറക്കുന്നതിന് മുന്നോടിയായി തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ എന്നീ അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |