SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.15 AM IST

അയ്യപ്പസംഗമം: ഫണ്ട് ക്രമക്കേടിൽ കാഴ്ചക്കാരാകില്ലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
high-court

കൊച്ചി: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ നിശബ്ദ കാഴ്ചക്കാരാകില്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പെരുപ്പിച്ച ബില്ലുകളും ആധികാരികമല്ലാത്ത രസീതുകളും ഓഡിറ്റിന് ഹാജരാക്കിയ സാഹചര്യം ഗുരുതരമാണെന്നു വിലയിരുത്തിയ കോടതി, കണക്കുകളിലെ പൊരുത്തക്കേടുകൾ വിശദീകരിക്കാൻ മൂന്നാഴ്ച സമയം വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി.

അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് നടത്തിയ തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനം വിജയൻ ആൻഡ് അസോസിയേറ്റ്സിനെ ഹർജിയിൽ കക്ഷിചേർത്തു. ഓഡിറ്റിംഗിൽ പരിശോധിച്ച ബില്ലുകൾ, രസീതുകൾ, ലഡ്ജറുകൾ, കരാർ രേഖകൾ തുടങ്ങിയവയെല്ലാം കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അയ്യപ്പസംഗമത്തിന്റെ വരവുചെലവു കണക്കുകൾ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.

അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് നിയമപരമായ ഓഡിറ്റ് നടക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. രണ്ടു തവണ കത്തയച്ചിട്ടും ബോർഡ് ആവശ്യമായ രേഖകൾ കൈമാറിയില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് വിശദീകരിച്ചു. ഇവ പരിശോധിക്കാതെ, നിലവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തിയ ഓഡിറ്റിന്റെ ആധികാരികത കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി.

ബില്ലുകളും മറ്റും പരിശോധിക്കാൻ ദേവസ്വം കമ്മിഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എൻജിനിയർ എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അയ്യപ്പസംഗമത്തിന് കരാർ എടുത്തിരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ നിന്ന് കൂടുതൽ വ്യക്തത തേടിയിരിക്കുകയാണ്. സമയം അനുവദിക്കണമെന്നും അപേക്ഷിച്ചു.

ഒരു ദിവസത്തെ പരിപാടിയുടെ കണക്കുകൾക്കായി മൂന്നു മാസത്തിലധികം സമയം നൽകിയെന്ന് കോടതി വിമർശിച്ചു. ഇനി നീട്ടി നൽകാനാകില്ല. കൃത്യമായ കണക്കുകൾ ഹാജരാക്കാത്തത് ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നും വിമ‌ർശിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകണം

ധനലക്ഷ്മി ബാങ്കിൽ അയ്യപ്പസംഗമത്തിനായി തുറന്ന ' 027503500001091" എന്ന അക്കൗണ്ടിന്റെ സമ്പൂർണ സ്റ്റേറ്റ്മെന്റ് ഹാജരാക്കാൻ കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിലാണ് അക്കൗണ്ട്. 2025 ആഗസ്റ്റ് 8 മുതൽ 2026 ഫെബ്രുവരി 2 വരെയുള്ള പണമിടപാട് വിവരങ്ങളാണ് സമർപ്പിക്കേണ്ടത്.

TAGS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.