തിരുവല്ല: അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് തിരുവല്ല സ്വദേശിയായ പെൺകുട്ടി മരിച്ചു. നിരണം നോർത്ത് ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകൾ മറിയം സൂസൻ മാത്യുവാണ് (19) മരിച്ചത്. അലബാമ സ്റ്റേറ്റിന്റെ തലസ്ഥാനമായ മോണ്ട് ഗോമറിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മറിയം. മുകളിലത്തെ നിലയിൽ താമസിക്കുന്ന ആളിന്റെ തോക്കിൽ നിന്ന് സീലിംഗ് തുളച്ച് വെടിയുണ്ടകൾ ശരീരത്തിലേറ്റെന്നാണ് ഇന്നലെ രാവിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. മസ്കറ്റിലായിരുന്ന കുടുംബം നാലുമാസം മുമ്പാണ് അമേരിക്കയിലെത്തിയത്.
മസ്കറ്രിലെ ഇന്ത്യൻ സ്കൂളിൽ നിന്ന് പ്ലസ് ടു വിജയിച്ച മറിയം തുടർ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു. അക്രമികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം അലബാമയിൽ പൊതുദർശനത്തിന് വയ്ക്കും. നാട്ടിലെത്തിക്കാനും ശ്രമം നടക്കുന്നു. കൊവിഡിന് മുമ്പ് നാട്ടിലെത്തി മടങ്ങിയതാണ് കുടുംബം.
മാതാവ് ബിൻസി നഴ്സാണ്. ബിമൽ, ബേസിൽ എന്നിവരാണ് സഹോദരങ്ങൾ.
രണ്ടാഴ്ച മുമ്പ് കോഴഞ്ചേരി സ്വദേശി സാജൻ മാത്യു ടെക്സാസിലെ ഡാളസിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |