കൊച്ചി: കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ എൻ. രാമചന്ദ്രന്റെ (65) മൃതദേഹം ഇന്ന് സംസ്കരിക്കും. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കും. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കും. 9.30ന് വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം 12ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിക്കും. തുടർന്ന് ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും ചേരും. ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു, സി.പി.എം നേതാവ് പി.കെ. ശ്രീമതി, സുനിൽ സ്വാമി, മേജർ രവി തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
കാശ്മീരിൽ കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയ രാമചന്ദ്രനെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പഹൽഗാമിൽ വച്ച് തീവ്രവാദികൾ വെടിവച്ചു കൊന്നത്. പരേതരായ ശ്രാമ്പിക്കൽ നാരായണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ് രാമചന്ദ്രൻ. രാജലക്ഷ്മിയും രാജഗോപാലുമാണ് സഹോദരങ്ങൾ.
തിങ്കളാഴ്ച ന്യൂയോർക്കിൽ മകന്റെ അടുത്തേക്ക് പോയ രാജഗോപാൽ മടങ്ങിയെത്തുന്നതിന് വേണ്ടിയാണ് സംസ്കാരചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ആർ.എസ്.എസ്. പ്രാദേശിക നേതാവും ബി.ജെ.പി. പ്രവർത്തകനുമായിരുന്ന രാമചന്ദ്രൻ കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് പ്രവാസജീവിതം കഴിഞ്ഞ് ഖത്തറിൽ നിന്ന് മടങ്ങി വന്ന ശേഷം ബി.ജെ.പി ഇടപ്പള്ളി മേഖലാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. മങ്ങാട്ട് റോഡ് റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. രാമചന്ദ്രന്റെ മകൻ അരവിന്ദ് ബംഗളൂരുവിൽ കമ്പനി സെക്രട്ടറിയാണ്. വിനീതയാണ് ഭാര്യ. രാമചന്ദ്രന്റെ ഭാര്യ ഷീല ഭാരതീയ വിദ്യാഭവനിലെ റിട്ട. അദ്ധ്യാപികയാണ്.
മറക്കില്ല, ക്രൂരത നിറഞ്ഞ ആ മുഖം
തന്റെ അച്ഛനെ വെടിവച്ചുകൊന്ന ഭീകരന്റെ മുഖവും രൂപവും ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് കാശ്മീരിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി. അയാളെ തിരിച്ചറിയാൻ എല്ലാ സഹായവും നൽകാമെന്ന് സൈന്യത്തെ അറിയിച്ചിട്ടുണ്ട്.
അച്ഛനും ഞാനും മക്കളായ ദ്രുപദും കേദാറും മാത്രമായിരുന്നു അവിടെ എത്തിയത്. വയ്യാത്ത അമ്മയെ കാശ്മീരിയായ ഡ്രൈവർ മുസാഫിറിനൊപ്പം കാറിലിരുത്തിയിരുന്നു.
സൈനിക യൂണിഫോമിൽ ആയിരുന്നില്ല ഇയാൾ. നിസ്സഹായരായ തങ്ങളോട് താഴെ കിടക്കാൻ പറഞ്ഞ് നിർദാക്ഷിണ്യം വെടിയുതിർത്തു.
ഓരോരുത്തരോടും ചോദ്യം ചോദിച്ചു. 'കലിമ" എന്ന വാക്കുപോലെ എന്തോ ഞങ്ങളുടെ അടുത്ത് വന്നും ചോദിച്ചു. മനസിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞ ഉടനെ അച്ഛനെയും വെടിവച്ചു. സ്വന്തം അച്ഛൻ കൺമുന്നിൽ വെടിയേറ്റ് മരിക്കുന്നത് ഒരു മകൾക്കും താങ്ങാവുന്ന കാര്യമല്ല.
അച്ഛനെ കൊന്നശേഷം അയാളുടെ ശ്രദ്ധ മാറിയപ്പോൾ മറ്റുള്ളവർക്കൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.
മൊബൈൽ റേഞ്ചിലെത്തിയപ്പോൾ ഡ്രൈവർ മുസാഫിറിനെ വിളിച്ച് അമ്മയെ വിവരം അറിയിക്കരുതെന്നു പറഞ്ഞു. കടുത്ത ഹൃദ്റോഗിയായ അമ്മയുടെ മൃതദേഹം കൂടി കൊണ്ടുവരേണ്ടിവരുമെന്നു ഭയന്നുവെന്നതാണ് സത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |