കൊച്ചി: പേർഷ്യൻ ഇനത്തിൽപ്പെട്ട വളർത്തുപൂച്ച ചത്തത് സ്വകാര്യ മൃഗാശുപത്രി ജീവനക്കാരുടെ വീഴ്ചമൂലമാണെന്ന് ആരോപിച്ച് നടനും സംവിധായകനുമായ നാദിർഷ. ഇന്നലെ ഫേസ്ബുക്കിലൂടെ നടൻ ഇക്കാര്യം അറിയിച്ചതിനു പിന്നാലെ സുഹൃത്ത് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസ് എടുക്കുന്നതിൽ പൊലീസ് തീരുമാനമെടുക്കും. എറണാകുളം മാമംഗലത്തെ 'എറണാകുളം പെറ്റ് ഹോസ്പിറ്റലി"നെതിരെയാണ് പരാതി. ആരോപണങ്ങൾ ആശുപത്രി നിഷേധിച്ചു.
ശനിയാഴ്ച രാവിലെയാണ് നാദിർഷയുടെ 'സ്‌നോബെൽ" എന്ന പൂച്ച ചത്തത്. ആശുപത്രി ജീവനക്കാരെ കുറ്റപ്പെടുത്തിയും പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ച്ചും ഫേസ്ബുക്കിൽ കുറിപ്പിട്ട് നാദിർഷ ദുഃഖവും അമർഷവും പങ്കുവച്ചു. മൂന്ന് വർഷം മുമ്പ് വാങ്ങിയ പൂച്ചയ്‌ക്ക് സ്‌നോബെൽ എന്നാണ് പേരിട്ടതെങ്കിലും ചക്കര എന്നാണ് വിളിപ്പേര്. നഖം വെട്ടാനും കുളിപ്പിക്കാനുമായി ശനിയാഴ്ച രാവിലെ നാദിർഷയുടെ ഭാര്യയും മകളും ചേർന്നാണ് ചക്കരയെ പെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചത്.
''മറ്റൊരു പെറ്റ് ഹോസ്പിറ്റലിലാണ് പതിവായി കൊണ്ടുപോയിരുന്നത്. മയക്കാതെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അങ്ങനെ സാധിക്കില്ലെന്ന് മകൾ പറഞ്ഞു. ഇതിലും വലിയപൂച്ചകളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. കഴുത്തിൽ ചരടിട്ട് വലിച്ചുകൊണ്ടുപോയി. അനസ്‌തേഷ്യ നൽകിയപ്പോൾ പൂച്ച ചത്തെന്ന് പിന്നീട് അറിയിക്കുകയായിരുന്നു,"" നാദിർഷ പറഞ്ഞു.
കയർ കുരുങ്ങിയതോ മയക്കാതെയുള്ള ഗ്രൂമിംഗോ മയക്കുന്നതിലെ പിഴവോ ആയിരിക്കാം ചക്കരയുടെ മരണത്തിന് കാരണമെന്നാണ് നാദിർഷയും കുടുംബവും കരുതുന്നത്. മയക്കലിനിടെ ഹൃദയമിടിപ്പ് കുറഞ്ഞതാണ് പൂച്ചയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ആശുപത്രി ഉടമ ഡോ. അനീഷ് പറയുന്നു.
അപകട സാദ്ധ്യത അംഗീകരിക്കുന്ന സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അനീഷ് പറഞ്ഞു. പൂച്ചയുടെ ജഡം പെറ്റ് ഹോസ്പിറ്റൽ മോച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |