തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് വീണ്ടും പഴയപടിയായി. ജൂലായ് ഒന്നു മുതൽ ആഗസ്റ്ര് 31വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർനടപടികൾ ഇഴയുന്നതാണ് കാരണം.
ശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 16 ഇന നിർദ്ദേശങ്ങൾ നൽകി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞ 11ന് ഉത്തരവിറക്കിയിരുന്നു. ഇതിനായി രൂപീകരിച്ച പോർട്ടൽ തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ, നടപടികൾ അതിലൊതുങ്ങി.
ദിവസങ്ങൾ കഴിയുംതോറും ഫയലുകൾ വീണ്ടും കുന്നുകൂടുകയാണ്. അദാലത്തിൽ 60%ൽ താഴെ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകളിൽ അതേ പ്രവർത്തനങ്ങൾ ഊർജിതമായി തുടരാൻ നിർദ്ദേശിച്ചിരുന്നു. മൂന്നു മാസങ്ങൾക്കു ശേഷം അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ് മന്ത്രിമാർ റിവ്യൂ ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, കൃത്യമായ ഇടവേളകളിൽ അവലോകനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, 2022ൽ നടത്തിയ ഫയൽ അദാലത്തിനേക്കാൾ ഇക്കുറി മെച്ചമുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്ന് ആറുമാസത്തെ അദാലത്തിൽ തീർപ്പാക്കിയത് 54.76%. ഇപ്പോൾ രണ്ടു മാസം കൊണ്ട് തീർപ്പാക്കിയത് 58.69% ഫയലുകൾ.
അദാലത്തിൽ
തീർപ്പാക്കിയത്
1.സെക്രട്ടേറിയറ്റിൽ 3,05,555 ഫയലുകളിൽ 1,58,336 എണ്ണം (52%). വകുപ്പു മേധാവികളുടെ കാര്യാലയത്തിൽ 9,09,778ൽ 5,49,267 (60 %)
2.സെക്രട്ടേറിയറ്റിലെ 49 വകുപ്പുകളിൽ 17 എണ്ണത്തിൽ 60% പുരോഗതി. 87 വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിൽ 55 എണ്ണത്തിൽ 60%ൽ കൂടുതൽ. 20 വകുപ്പുകളിൽ 50-60%
പ്രത്യേക പോർട്ടലും വന്നില്ല
പരാതികളിലും നിവേദനങ്ങളിലും വേഗത്തിൽ നടപടി സ്വീകരിക്കാൻ പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദ്ദേശത്തിലും തുടർ നടപടിയായില്ല. ഇക്കാര്യം
ഐ.ടി വകുപ്പ് പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |