അൻവർ മൂന്നാമതെത്താനും സാദ്ധ്യത
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗിന് പിന്നാലെ വിജയം അവകാശപ്പെട്ട് മുന്നണികൾ. 75.27 ശതമാനമാണ് അന്തിമ പോളിംഗ്. 2021നേക്കാൾ ഒരു ശതമാനം മാത്രം കുറവ്. ആകെ 2,32,057 വോട്ടർമാരിൽ 1,74,667 പേർ വോട്ടു ചെയ്തു. വോട്ടെണ്ണൽ തിങ്കളാഴ്ച ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ അഞ്ച് മുതൽ പത്ത് ശതമാനം വരെ വോട്ട് പിടിച്ചേക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. അൻവർ മൂന്നാം സ്ഥാനത്തേക്ക് വരാനുള്ള സാദ്ധ്യതയും തള്ളുന്നില്ല.
12,000ത്തിനും 15,000നും ഇടയിലെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഭരണ വിരുദ്ധ വികാരം അലടയിച്ചാൽ ഭൂരിപക്ഷം 20,000 കടക്കും. കോൺഗ്രസ് - ലീഗ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടു. നിലമ്പൂർ നഗരസഭയിൽ ഒപ്പത്തിനൊപ്പം വരും. വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ ലീഡുണ്ടാവും. അമരമ്പലത്ത് പിന്നിൽ പോയേക്കാം. വെൽഫെയർ പിന്തുണ വിവാദം വോട്ടർമാരിൽ പ്രതിഫലിച്ചില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. 2,000 വോട്ടിനുള്ളിൽ ഭൂരിപക്ഷം ലഭിക്കും. 2021ൽ 2,700 വോട്ടിനാണ് അൻവർ വിജയിച്ചത്. വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തും. പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫിനെ മറികടക്കും.യു.ഡി.എഫ് സ്ഥാനാർത്ഥിയോടുള്ള നിഷേധ വോട്ടും ലഭിച്ചിട്ടുണ്ട്.
യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധമുയർത്തിയത് ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കിയെന്നും എൽ.ഡി.എഫ് കരുതുന്നു.
15,000 വോട്ട് വരെ പിടിക്കുമെന്നാണ് പോളിംഗിന് മുമ്പ് എൻ.ഡി.എ ക്യാമ്പിന്റെ ആത്മവിശ്വാസമെങ്കിൽ കഴിഞ്ഞ തവണത്തെ 8,500 വോട്ട് നിലനിറുത്താനാവുമെന്നാണ് നിലവിലെ പ്രതീക്ഷ.20,000 മുതൽ 25,000 വരെ വോട്ട് ലഭിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം. അതേസമയം വളരെ കുറച്ച് ബൂത്തിൽ മാത്രമാണ് അൻവറിന് ഏജന്റുമാർ ഉണ്ടായിരുന്നത്.
നിലമ്പൂരിൽ പരമാവധി വോട്ട്
സമാഹരിച്ചെന്ന്സി.പി.എം
തിരുവനന്തപുരം : പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വലിയ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞതിലൂടെ നിലമ്പൂരിൽ പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. നിലമ്പൂരിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്. എന്നാൽ ഭൂരിപക്ഷത്തെയോ, ലഭിച്ച വോട്ടുകളുടെ കണക്കുകളെയോ കുറിച്ച് യോഗം വിശദമായ പരിശോധന നടത്തിയില്ല.
പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി എം.സ്വരാജിനു ലഭിച്ചേക്കാവുന്ന വോട്ടിനെ സംബന്ധിച്ചു വിവരങ്ങൾ നൽകിയെങ്കിലും ഫലം വന്ന ശേഷം ചർച്ച ചെയ്യാമെന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നത്. പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ എം.സ്വരാജിന് ഗുണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ സ്ഥിതിക്ക് പിന്നീട് മാറ്റം വന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിലും മുസ്ലീം ലീഗിലും വിരുദ്ധ വോട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വോട്ടുകൾ പൂർണ്ണമായും ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചേക്കില്ലെന്നും വിലയിരുത്തി. അതേ സമയം ഈ വിരുദ്ധ വോട്ടുകൾ അൻവറിനാണ് ലഭിച്ചിട്ടുള്ളതെങ്കിൽ അത് പാർട്ടി സ്ഥാനാർത്ഥിയുടെ വിജയ സാദ്ധ്യതയെ പ്രതികൂലമായി ബാധിച്ചേക്കാം. അൻവറിന് കിട്ടാവുന്ന വോട്ടുകൾ സംബന്ധിച്ച കണക്കുകളൊന്നും സെക്രട്ടേറിയറ്റിൽ പറഞ്ഞില്ല. ഇടതു മുന്നണിക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പരിശോധിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |