
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ 'നോ ഫ്ളൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന് ഡി ജി പിയ്ക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. ഹെലികോപ്‌ടർ, വിമാനം എന്നിവ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉള്ളത്.
കഴിഞ്ഞ 28ാം തീയതി ഒരു സ്വകാര്യ കമ്പനിയുടെ ഹെലികോപ്‌ടർ ക്ഷേത്രപരിസരത്തായി നിരവധി തവണ താഴ്‌ന്ന് പറന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി ഹെലികോപ്ടർ വട്ടമിട്ട് പറന്ന സംഭവത്തിൽ ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡി സി പി ഇതുസംബന്ധിച്ച് റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകി. ഇതിന് പിന്നാലെയാണ് 'നോ ഫ്ളൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന ശുപാർശ നൽകിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ റിപ്പോർട്ട് നൽകിയതിന് ശേഷമായിരിക്കും ഇതിൽ തുടർനടപടിയുണ്ടാവുക.
അനധികൃതമായി ഒരു ഹെലികോപ്ടർ അഞ്ച് പ്രാവശ്യം ഹെലികോപ്ടർ വട്ടമിട്ട് പറന്നെന്നും ഇത് സർക്കാർ ഗൗരവമായി കാണണമെന്നുമാണ് കുമ്മനം രാജശേഖരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടത്. ഹെലികോപ്ടറിനെ അവിടെ എത്തിച്ചതാരാണ്?, അവരുടെ ഉദ്ദേശ ലക്ഷ്യമെന്താണ്?, ഇതെങ്ങനെ സംഭവിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |