തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപാ വരെ വായ്പ ലഭ്യമാകുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്.
രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാൻ അർഹത. വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോർക്ക റൂട്ട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടണം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള പ്രവാസി ഭദ്രത വായ്പാ വിതരണം തുടരും.
മിൽമ കാലിത്തീറ്റ
വിലക്കിഴിവ്
ജനുവരി 31വരെ
തിരുവനന്തപുരം: മിൽമ കാലിത്തീറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്കിഴിവ് ജനുവരി 31 വരെ നീട്ടി. കൊവിഡിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ സഹായിക്കുന്നതിനാണ് മിൽമ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 25 രൂപയും (1240-1215) മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 70 രൂപയും ( 1370-1300) ഡിസംബർ മുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചത്.
വേനൽ തീവ്രമാകുന്നത് കൂടി കണക്കിലെടുത്താണ് ആനുകൂല്യത്തിന്റെ കാലാവധി നീട്ടാൻ മിൽമ ഭരണസമിതി തീരുമാനിച്ചത്. വിലക്കിഴിവ് ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |