ചങ്ങനാശേരി: ജാതി സെൻസസിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്നും ഇത് നടപ്പായാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്നയിൽ എൻ.എസ്.എസ് 111-ാമത് ബഡ്ജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് പത്തുവർഷത്തേയ്ക്ക് തുടങ്ങിയ സംവരണം 77 വർഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാത്തത് പ്രായോഗികതലത്തിൽ അതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തുന്നു. ജാതിസംവരണം വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും വഴിതെളിക്കും.
ജാതിസംവരണത്തിലൂടെ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തുമുള്ള യോഗ്യതകളിൽ വെള്ളം ചേർക്കും. വോട്ട് രാഷ്ട്രീയം മാത്രം നോക്കാതെ ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന ബദൽ സംവിധാനം ഏർപ്പെടുത്താൻ തയ്യാറാകണം. സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത, സാമുദായിക സംഘടനകൾക്കുമുണ്ട്. അത് കൃത്യമായും എൻ.എസ്.എസ് നിർവഹിച്ചിട്ടുണ്ട്.
'ആഭ്യന്തര കാര്യങ്ങളിൽ
ഇടപെടാൻ അനുവദിക്കില്ല'
സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാകുമെന്ന് ജി.സുകുമാരൻ നായർ. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുകയാണ് പൊതുനയം. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും. ഒരു പാർട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ല. എൻ.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഒരുപാർട്ടിയെയും അനുവദിക്കുകയുമില്ല.
സംഗീത് കുമാർ ഉൾപ്പെടെ
പ്രതിനിധി സഭയിൽ
എൻ.എസ്.എസ് പ്രതിനിധിസഭയിലെ ഒൻപത് ഒഴിവുകളിലേയ്ക്ക് എം.സംഗീത് കുമാർ (തിരുവനന്തപുരം), ജി.മധുസൂദനൻപിള്ള (ചിറയിൻകീഴ്), കെ.ആർ.ശിവൻകുട്ടി (പന്തളം), വി.വിജുലാൽ (കാർത്തികപ്പള്ളി ), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), കെ.പി.നാരായണപിള്ള (കുട്ടനാട്), എം.പി.ഉദയഭാനു (തലശ്ശേരി), ഹരിദാസ് ഇടത്തിട്ട (പത്തനംതിട്ട), ഡോ.കെ.ബി ജഗദീഷ് (അടൂർ) എന്നിവരെ തിരഞ്ഞെടുത്തു. കാട്ടാക്കട യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. അഡിഷണൽ എക്‌സ്‌പെർട്ട് അംഗമായി റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റും, മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വി.ആർ.രാധാകൃഷ്ണനെ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |