ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷയെ ബിലാസ്‌പൂർ എൻ.ഐ.എ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചില്ല. അതിനാൽ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയേറി.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷി ഇന്ന് വിധി പറയും. സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ജയിലിലായിട്ട് ഇന്ന് ഒൻപത് ദിവസമാവുന്നു. കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമൃതോദാസ് രക്ഷിതാക്കളുടെ അനുമതിയോടെയാണ് മൂന്നു പെൺകുട്ടികൾ അവർക്കൊപ്പം പോയതെന്ന് വാദിച്ചു. തെളിവായി സമ്മതപത്രം സമർപ്പിച്ചു. അവർ ക്രിസ്തീയമതം പിൻതുടരുന്നവരാണെന്ന് ബോധിപ്പിച്ചു. യാതൊരു എതിർപ്പും പ്രോസിക്യൂഷൻ ഉയർത്തിയില്ല.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തുള്ളൂ. ജാമ്യഹർജി എൻ.ഐ.എ കോടതിയിലേക്ക് വിട്ടത് പ്രാേസിക്യൂഷന്റെ ആവശ്യപ്രകാരമായതിനാൽ, സാങ്കേതികമായി എതിർപ്പ് പ്രകടിപ്പിക്കാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു.
ആദ്യം മജിസ്ട്രേറ്റ് കോടതിയിലും തുടർന്ന് സെഷൻസ് കോടതിയിലും ജാമ്യം നിഷേധിക്കാൻ അതിശക്തവും ദീർഘവുമായ വാദമാണ് പ്രോസിക്യൂഷൻ നടത്തിയിരുന്നത്. ഇന്നലെ അതുണ്ടായില്ല.
മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പോയതെന്ന വാദം ഹർജിക്കാർ കീഴ്ക്കോടതിയിൽ ഉന്നയിച്ചപ്പോൾ, അതിനെ മനുഷ്യക്കടത്ത് കുറ്റം ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ക്രൈസ്തവ മതം പിന്തുടരുന്നവരാണെന്ന വാദം തള്ളാൻ ഛത്തീസ്ഗഡ് നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയത് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
കേരളത്തിൽ ബി.ജെ.പി പ്രതിരോധത്തിലാവുകയും ക്രൈസ്തവ സമൂഹം പുരാേഹിതരുടെ നേതൃത്വത്തിൽ തെരുവിൽ ഇറങ്ങുകയും ചെയ്തതോടെ നിലപാട് മയപ്പെടുത്താൻ ഛത്തീസ്ഗഡ് സർക്കാരിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു.
സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളാ എം.പിമാർക്ക് ഉറപ്പും നൽകിയിരുന്നു. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യഹർജി എൻ.ഐ.എ കാേടതിയിൽ എത്തിയത്. എന്നാൽ, എൻ.ഐ.എ കേസ് ഇല്ലാത്തതിനാൽ എൻ.ഐ.എ കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. ആശയക്കുഴപ്പത്തിലായതോടെ, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിക്കാനാണ് ആദ്യം തീരുമാനിച്ചത്. ഹൈക്കോടതിയിൽ നടപടികൾ വൈകാനിടയുള്ളത് കണക്കിലെടുത്ത് എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
പ്രധാനമന്ത്രിയുമായി
കൂടിയാലോചന
ഡൽഹിയിലുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇന്നലെ കണ്ടിരുന്നു. കന്യാസ്‌ത്രീകളുടെ അറസ്റ്റും ചർച്ചയായി.
അറസ്റ്റിന് ആധാരമായ പരാതി കൊടുത്ത ബജ്റംഗ്‌ദളിനെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളും വിലയിരുത്തിയെന്നാണ് അറിയുന്നത്. കീഴ്കോടതികളിൽ അവർക്കൊപ്പം നിന്നശേഷം മലക്കം മറിയുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിലയിരുത്തി.
പ്രത്യക്ഷമായി ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർക്കാൻ ഇതും ഒരു കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |