തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏകപക്ഷീയമായി ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സർക്കാർ നടപടിക്കെതിരെ മാനേജ്മന്റുകൾ. 21ന് ഫലംവരാനിരിക്കെ ഇന്നുമുതൽ എൽ.ബി.എസിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാമെന്നാണ് സർക്കാർ അറിയിപ്പ്. ഇതിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് മാനേജ്മെന്റുകൾ ആരോപിച്ചു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളേജുകളിലെ എല്ലാ സീറ്റുകളിലും സ്വന്തംനിലയിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകളുടെ തീരുമാനം.
മുൻകാലങ്ങളിൽ പ്രവേശന നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിലാണ് എൽ.ബി.എസും മാനേജ്മെന്റുകളും എപ്പോൾ അപേക്ഷ ക്ഷണിക്കണം, പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കുറി ഒരുമാസം മുമ്പേ മാനേജ്മെന്റുകൾ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഗവ. കോളേജുകളിലെ എല്ലാ സീറ്റുകളിലേക്കും സ്വാശ്രയ കോളേജുകളിലേ 50% സർക്കാർ സീറ്റുകളിലേക്കുമാണ് എൽ.ബി.എസിലൂടെ അലോട്ട്മെന്റ് നടത്തുന്നത്. എന്നാൽ, എല്ലാക്കൊല്ലവും 50% സീറ്റ് സർക്കാരിന് വിട്ടുകൊടുക്കാമെന്ന് കരാറില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നു. സുഗമമായി മുന്നോട്ടുപോകുന്ന പ്രവേശന നടപടികളെ സർക്കാരാണ് അലങ്കോലപ്പെടുത്തുന്നതെന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി.സജി,സെക്രട്ടറി അയിര ശശി, ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ ആരോപിച്ചു.
ബുദ്ധിമുട്ടാകില്ലെന്ന്
വിശദീകരണം
അപേക്ഷിക്കാൻ ജൂൺ ഏഴുവരെ സമയമുള്ളതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകില്ലെന്ന് എൽ.ബി.എസ്
സംസ്ഥാന പ്ളസ്ടു ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രവേശന നടപടി തുടങ്ങിയത് തെറ്റായ കീഴ്വഴക്കമാണെന്ന് മാനേജ്മെന്റുകൾ
സംവരണം അട്ടിമറിക്കപ്പെടും
സ്വാശ്രയ കോളേജുകളിലെ എല്ലാ സീറ്റിലും മാനേജ്മെന്റുകൾ മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയാൽ സംവരണം അട്ടിമറിക്കപ്പെടും. നിലവിൽ മെരിറ്റ് സീറ്റിലേക്ക് സംവരണം പാലിച്ചാണ് പ്രവേശനം
കോളേജുകൾ, സീറ്റ്
ആകെ നഴ്സിംഗ് കോളേജുകൾ..............160
സ്വാശ്രയ കോളേജുകൾ............................124
ആകെ സീറ്റുകൾ.........................................9,883
സ്വാശ്രയ കോളേജുകളിൽ........................7,613
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |