ഉള്ളൂർ : കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ പ്രമുഖ യുറോളജിസ്റ്റ് ഡോ.ജി.വേണുഗോപാൽ (68) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മുൻ മേധാവിയാണ്. കൊച്ചുള്ളൂർ ടെമ്പിൾ ആർച്ചിന് സമീപം ഉത്രാടത്തിലായിരുന്നു താമസം. ചങ്ങനാശേരി മോർകുളങ്ങര ഷൺമുഖ സദനം കുടുംബാംഗമാണ്.
കരൾ രോഗത്തെ തുടർന്ന് നാലുവർഷമായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. 2012ൽ ഡോ.വേണുഗോപാൽ വകുപ്പ് മേധാവിയായിരിക്കെയാണ് സർക്കാർ മേഖലയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത്. കേരളത്തിൽ അയവമാറ്റ ശസ്ത്രക്രിയയ്ക്ക് ദിശാബോധം നൽകിയ വ്യക്തിയായിരുന്നു. 2020ൽ സർവീസിൽ നിന്ന് വിരമിച്ചു. അനന്തപുരി, ഗോകുലം, ജെ.ജെ ആശുപത്രി, ശങ്കേഴ്സ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 1981ൽ എം.ബി.ബി.എസ് നേടി. 1989ൽ സർജറിയിലും 1992യൂറോളജിയിലും എം.എസ് നേടി.ഐ.എം.എ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ, യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളിൽ അംഗമായിരുന്നു.
ഭാര്യ. ഡോ.എസ്.അരുണ (റിട്ട.ഗൈനക്കോളജിസ്റ്റ്) മകൻ.ഡോ.അരവിന്ദ് വരുൺ. സംസ്കാരം തൈക്കാട് ശാന്തി കാവടത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |